കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ 'ആറ്റം' വിപണിയിലെത്തുന്നു. വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും 2020 മൂന്നാം പാദത്തില്‍ 'മഹീന്ദ്ര ആറ്റം' ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും മഹീന്ദ & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പവന്‍ ഗോയങ്ക വ്യക്തമാക്കി.

പ്രൊഡക്ഷന്‍ സ്‌പെക് മോഡലിന് 48 കിലോവാട്ട് ഡ്രൈവ്‌ട്രെയ്ന്‍ കരുത്തേകും. ബെംഗളൂരു പ്ലാന്റിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. എല്ലാ താഴ്ന്ന വോള്‍ട്ടേജ് മോഡലുകളും ഇവിടെയാണ് അസംബിള്‍ ചെയ്യുന്നത്. 15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തും.

ബജാജ് ക്യൂട്ട് ആണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏക ക്വാഡ്രിസൈക്കിള്‍. അതുകൊണ്ടു ക്യൂട്ട് തന്നെയായിരിക്കും മഹീന്ദ്ര ആറ്റത്തിന്റെ എതിരാളി. എന്നാല്‍ ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനമല്ല. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ക്യൂട്ടില്‍ ഉപയോഗിക്കുന്നത്.

150 കോടി രൂപയുടെ നിക്ഷേപമാണ്  മഹീന്ദ്ര ഇതുവരെ ക്വാഡ്രിസൈക്കിളുകള്‍ക്കായി നടത്തിയിരിക്കുന്നത്. ബെംഗളൂരു പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപയും ചെലവഴിച്ചു. കൂടാതെ, ബെംഗളൂരുവിലെ ഗവേഷണ വികസന കേന്ദ്രത്തിനായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് കെയുവി 100, ഇലക്ട്രിക് എക്‌സ്‌യുവി 300 എന്നിവ നിര്‍മ്മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ കമ്പനി 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.