Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിന് വിരാമമാകുന്നു, പുത്തന്‍ ഥാറിന്‍റെ നിര്‍മ്മാണം തുടങ്ങി മഹീന്ദ്ര

വാഹനത്തിന്‍റെ ട്രയൽ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോട്ടുകൾ. 

Mahindra Begins 2020 Thar production
Author
Mumbai, First Published Jul 17, 2020, 12:36 PM IST

മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്റെ പുതുതലമുറ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഏറെക്കാലമായി രാജ്യത്തെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. ഇപ്പോഴിതാ വാഹനത്തിന്‍റെ ട്രയൽ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോട്ടുകൾ. ഉത്സവ സീസണിൽ ദീപാവലിക്ക് മുമ്പായി പുതിയ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. 

പൂർണമായും ഉൽ‌പാദനത്തിന് തയ്യാറായ ഥാറിന്റെ ടെസ്റ്റിങ് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്‌ഡോറിലെ ഗ്ലാസ് വലിയ റിയര്‍വ്യൂ മിറർ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് റാങ്ക്‌ളറിനെ ഓര്‍മിപ്പിക്കുന്നത്. ഇന്റീരിയറും അല്‍പ്പം റിച്ചാണ്. പ്രീമിയം ലുക്കുള്ള സീറ്റുകള്‍, പുതിയ സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ്, പുതിയ ഗിയര്‍ ലിവര്‍ തുടങ്ങി നിരവധി പുതുമ ഇന്റീരിയറിലുണ്ട്.

വാഹനത്തിന്റെ രൂപത്തിലും വലിയ സാമ്യതകളുണ്ട്. പുതിയ ഥാർ‌ കൂടുതൽ വലുതും അൽപം കൂടി ഓഫ്‌ റോഡ്‌ ഫ്രണ്ട്‌ലി ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും പുതിയ ഥാറിൽ കാണാം. പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുത്തൻ ബമ്പർ ഡിസൈൻ, മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്.

പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈനാന്‍, ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും. 

ഇത്തവണ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഥാര്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. ഭാവിയില്‍ ഥാറിന്റെ ഓട്ടോമാറ്റിക് പതിപ്പും എത്തിയേക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്യാപ്റ്റന്‍ സീറ്റ് എന്നിവയാണ് ഇന്റീരിയർ ഫീച്ചറുകൾ. മുന്‍ മോഡലില്‍ നിന്ന് മാറി മുന്നിലേക്ക് ഫെയ്‌സ് ചെയ്തിരിക്കുന്ന പിന്‍നിര സീറ്റുകള്‍ ആണ് ഥാറിൽ ഉണ്ടാവുക.

ലോക്ക്ഡൗണിന് ശേഷം മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനം പുതുതലമുറ ഥാര്‍ ആയിരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം മേധാവി വീജയ് റാം നാക്റെ മുമ്പ് അറിയിച്ചിരുന്നു. പുതിയ ഥാര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു.

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. വരാനിരിക്കുന്ന പുത്തൻ ഫോഴ്സ് ഗൂർഖ അഞ്ച് ഡോർ പതിപ്പായ സുസുക്കി ജിംനി എന്നിവയായിരിക്കും ഥാർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ. 

Follow Us:
Download App:
  • android
  • ios