സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പതിമൂന്ന് വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്.

അടുത്തിടെ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബൊലേറോ. വർഷങ്ങളായി ബൊലേറോ നിരയുടെ ഭാഗമായിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പിൻവലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  63 bhp കരുത്തും 195 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു ഇത്. അഞ്ച് സ്പീഡാണ് ട്രാൻസ്‍മിഷന്‍. പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിൾ അസസ്മെന്റ് പ്രോഗ്രാം) സുരക്ഷാ മാനദണ്ഡങ്ങളും ഈ തീരുമാനത്തിലേക്ക് നയിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ അടുത്തിടെ കൂടുതല്‍ സുരക്ഷകളോടെ അവതരിപ്പിച്ച ബൊലേറോ പവർ പ്ലസ് വിപണിയിൽ തുടരും. എംഹോക്ക് D70 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 71 bhp കരുത്തും 195 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. എന്നാൽ ഇതിന്റെ ബി‌എസ് 6 പതിപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. 2020 ന്റെ ആദ്യ പാദത്തിൽ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.