സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പതിമൂന്ന് വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്.

ഇപ്പോഴിതാ  ബൊലേറൊ പവർ പ്ലസിന് പ്രത്യേക പതിപ്പുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഉത്സവകാലം പ്രമാണിച്ചാണ് പുതിയ വാഹനത്തിന്‍റെ അവതരണം. 

അകത്തും പുറത്തും പരിഷ്‍കാരങ്ങളോടെ എത്തുന്ന ബൊലേറൊ പവർ പ്ലസ് സ്പെഷൽ എഡീഷന്റെ 1,000 യൂണിറ്റുകള്‍ മാത്രമാവുമെന്നും വിൽപനയ്ക്കെത്തുക. ദില്ലി ഷോറൂമിൽ 9.08 ലക്ഷം രൂപ വിലയുണ്ട് വാഹനത്തിന്. ബൊലേറൊ പവർ പ്ലസ് ശ്രേണിയിലെ മുന്തിയ വകഭേദമായ സെഡ്എൽഎക്സിനെ അപേക്ഷിച്ച് 22,000 രൂപയോളം കൂടം. 

സ്പെഷൽ എഡീഷൻ വിളിച്ചോതുന്ന ഗ്രാഫിക്സ്, മുൻ – പിൻ സ്‍കഫ് പ്ലേറ്റുകൾ, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റ് സഹിതം പിൻ സ്പോയിലർ, പുത്തൻ അലോയ് വീൽ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകതകള്‍. പുതിയ സ്പെഷൽ എഡീഷൻ സീറ്റും സ്റ്റീയറിങ് വീൽ കവറും കാർപ്പറ്റ് മാറ്റും ഉള്‍പ്പെടുന്നതാണ് വാഹനത്തിന്‍റെ ഇന്‍റീരിയര്‍. 

1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ ഡീസൽ ബിഎസ് 4 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 71 ബി എച്ച് പി കരുത്തും 195 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചാണു പുതിയ പതിപ്പിന്റെ രൂപകൽപ്പന. ഇതോടെ കാഴ്ചയിൽ കാര്യമായ മാറ്റമില്ലാതെ വാഹനത്തിന്റെ ഘടനാപമായ കരുത്ത് മഹീന്ദ്ര വർധിപ്പിച്ചെന്നു വേണം കരുതാൻ. ‌