Asianet News MalayalamAsianet News Malayalam

ബൊലേറോ വില്‍പ്പനയില്‍ 328 ശതമാനം വളര്‍ച്ച, ഇതെന്ത് മറിമായമെന്ന് വാഹനലോകം!

ഈ കണക്കുകള്‍ അനുസരിച്ച് വാർഷികാടിസ്ഥാനത്തിൽ 328 ശതമാനം വളര്‍ച്ചാ വർധനയാണ് ബോലേറോ നേടിയത്

Mahindra Bolero Records 328% Sales Growth
Author
Mumbai, First Published Apr 13, 2021, 8:43 AM IST

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ. മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡല്‍ കൂടിയാണ് ജനപ്രിയ ബൊലേറോ. 

2021 മാര്‍ച്ചിലെ വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോഴും ബൊലേറോയുടെ ഈ കുതിപ്പ് തുടരുകയാണ്. 8,905 യൂണിറ്റുകളാണ് ഈ മാര്‍ച്ചില്‍ മഹീന്ദ്ര വിറ്റഴിച്ച ബൊലേറോകളുടെ എണ്ണം.  2020 മാര്‍ച്ചിലെ 2,080 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച. ഈ കണക്കുകള്‍ അനുസരിച്ച് വാർഷികാടിസ്ഥാനത്തിൽ 328 ശതമാനം വളര്‍ച്ചാ വർധനയാണ് ബോലേറോ നേടിയതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഫെബ്രുവരിയിൽ 4,843 യൂണിറ്റ് ബലേറോകളാണ് മഹീന്ദ്ര വിറ്റത്. ഇതനുസരിച്ച് ബൊലേറോയുടെ പ്രതിമാസ വളർച്ചയും ശ്രദ്ധേയമാണ്. 84 ശതമാനം പ്രതിമാസ വളർച്ചയാണ് ബൊലേറോ സ്വന്തമാക്കിയത്.

നിലവിൽ 8.17 ലക്ഷം രൂപ മുതൽ 9.14 ലക്ഷം വരെയാണ്  ബൊലേറോയുടെ എക്സ്-ഷോറൂം വില. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച കാലം മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. താങ്ങാവുന്ന വിലയും പരുക്കൻ സ്വഭാവവും തന്നെയാണ് ഈ മഹീന്ദ്ര കാറിന്റെ ജനപ്രീതിക്ക് പിന്നിലുള്ളത്. 

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, എംഹോക് 75 ഡീസല്‍ എന്‍ജിനാണ് നിലവിലെ ബൊലേറോയുടെ ഹൃദയം. ഈ എഞ്ചിന്‍ 3,600 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1,600- 2,200 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്‍പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഇന്ധന ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. B4, B6, B6 (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വിൽപ്പനക്ക് എത്തുന്ന ബൊലേറോയ്ക്ക് യഥാക്രമം 8.17 ലക്ഷം, 8.66 ലക്ഷം, 9.01 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ഇരട്ട എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട്, ഡ്രൈവര്‍ക്കും കോ- ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ 2020 മഹീന്ദ്ര ബൊലേറോയില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്. 

വാഹനത്തിന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് TUV300 ബാഡ്‌ജ് ബൊലേറോ നിയോയുടെ സ്പൈ ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ മോഡല്‍ ഉടന്‍ വിപണിയില്‍ എത്തിയേക്കും. 

അതേസമയം 2021 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ വാഹന നിർമാതാക്കളാണ് മഹീന്ദ്ര. 2020 -ൽ ഇതേ കാലയളവിൽ 3,171 യൂണിറ്റുകളിൽ നിന്ന് 16,643 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്. വാർഷിക വിൽപ്പനയിൽ 425 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ഇതോടെ മൊത്തം വിപണി വിഹിതം 5.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2.9 ശതമാനം വർധനയും കമ്പനി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios