സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. ഇന്ന് മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡലാണ് ബൊലേറോ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാർഷിക കണക്കുകളിൽ 18.10 ശതമാനം വളർച്ച കൈവരിക്കാൻ ബൊലേറോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 നവംബറിൽ ബൊലേറോയുടെ 6,055 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളില്‍ എത്തിയതെന്നാണ് കണക്കുകള്‍. ഒക്‌ടോബർ മാസത്തിൽ മഹീന്ദ്രയുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലും ഇതു തന്നെയായിരുന്നു. 2020 ഒക്ടോബറിൽ ബൊലേറോയുടെ 7,624 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത്തവണ പ്രതിമാസ വിൽപ്പനയിൽ അല്‍പ്പം ഇടിവ് സംഭവിച്ചു. 

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, എംഹോക് 75 ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3,600 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1,600- 2,200 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇന്ധന ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. B4, B6, B6 (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വിൽപ്പനക്ക് എത്തുന്ന ബൊലേറോയ്ക്ക് യഥാക്രമം 8.00 ലക്ഷം, 8.66 ലക്ഷം, 9.01 ലക്ഷം എന്നിങ്ങനെയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. 

ഇരട്ട എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട്, ഡ്രൈവര്‍ക്കും കോ- ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ 2020 മഹീന്ദ്ര ബൊലേറോയില്‍ സ്റ്റാന്‍ഡേഡാമഹീന്ദ്ര ബൊലേറോ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2000 ലാണ്. താങ്ങാവുന്ന വിലയും പരുക്കൻ സ്വഭാവവും തന്നെയാണ് ഈ മഹീന്ദ്ര കാറിന്റെ ജനപ്രീതിക്ക് പിന്നിലുള്ളത്. 

തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചകാലം മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.