ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന 'എപ്പാമിനോണ്ടാസ്' ഉൾപ്പെടെ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തു. അമേരിക്കൻ ഉപരോധത്തിന് മറുപടിയായി കരുതുന്ന ഈ നീക്കത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു, ഇത് ആഗോള എണ്ണ വ്യാപാര പാതയിലെ സംഘർഷം വർദ്ധിപ്പിക്കുന്നു.
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഉൾപ്പെടെ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന 'എപ്പാമിനോണ്ടാസ്' (Epaminondas), പനാമ പതാക ഘടിപ്പിച്ച 'എംഎസ്സി ഫ്രാൻസെസ്ക' (MSC Francesca) എന്നിവയാണ് ഇറാൻ വിപ്ലവ ഗാർഡ് തടഞ്ഞുവെച്ചത്. വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീട്ടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
ഇപ്പോൾ ഓപ്പറേഷന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതും, മുഖംമൂടി ധരിച്ച തോക്കുധാരികളായ സൈനികർ ഏണി വഴി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിന് നേരെ ഇറാൻ സൈന്യം ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തതിനെത്തുടർന്ന് കപ്പലിന്റെ കമാൻഡ് സെന്ററിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. പനാമയുടെ കപ്പലായ ഫ്രാൻസെസ്കയ്ക്ക് നേരെയും കനത്ത വെടിവെപ്പുണ്ടായി.
ഈ മാസം ആദ്യം ഇറാന്റെ രണ്ട് കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് ഇറാന്റെ 'മോസ്കിറ്റോ ഫ്ലീറ്റ്' എന്ന് വിളിക്കപ്പെടുന്ന അതിവേഗ ബോട്ടുകളുടെ ഈ നീക്കം. തങ്ങളുടെ ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ഇനിയും തടയുമെന്നാണ് ഇറാന്റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നത് ആഗോള ഊർജ്ജ വിപണിയെയും വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ട്.


