ഇന്ത്യയിലെ ഏറ്റവും വലിയ എസ്‍യുവി ടെസ്റ്റിങ്ങ് ട്രാക്ക് ഒരുക്കിയിരിക്കുകയാണ് മഹീന്ദ്ര .
തമിഴ്നാട്ടിലെ പുരാതന നഗരമായ കാഞ്ചീപുരം അതിമനോഹരമായ ക്ഷേത്രങ്ങൾക്കും ഭംഗിയേറിയ സിൽക്ക് വസ്ത്രങ്ങൾക്കും പേരുകേട്ടതാണ്. ഇതിന്‍റെയെല്ലാം ഒപ്പം ഇനിമുതല്‍ ഈ നഗരം കൂടുതൽ ആധുനികവും അത്യാധുനികവുമായ എസ്‌യുവി പ്രൂവിംഗ് ട്രാക്കിന്‍റെ പേരിലും അറിയപ്പെടും. രാജ്യത്തെ പ്രബല എസ്‍യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യയിലെ ഏറ്റവും വലിയ എസ്‍യുവി ടെസ്റ്റിങ്ങ് ട്രാക്കാണ് കാഞ്ചിപുരത്ത് ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
454 ഏക്കര്‍ സ്ഥലത്താണ് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 510 കോടി രൂപ നിക്ഷേപത്തിലാണ് ഈ പ്രൂവിങ്ങ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് ഓട്ടോമോട്ടീവ് റിസേര്‍ച്ചിന്റെ ഡിസൈനില്‍ എല്‍ ആന്‍ഡ് ടിയാണ് മഹീന്ദ്രയുടെ ഈ എസ്‍യുവി പ്രൂവിങ്ങ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ മഹീന്ദ്ര എസ്‌യുവികളും വികസിപ്പിക്കുന്ന മഹീന്ദ്ര റിസർച്ച് വാലിയിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഈ ട്രാക്ക്. മഹീന്ദ്ര നിര്‍മിക്കുന്ന എല്ലാ എസ്‍യുവികളും പല പ്രതലങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഈ ട്രാക്കില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച് ഏറ്റവും വലിയ പ്രൂവിങ്ങ് ഗ്രൗണ്ടാണ് മഹീന്ദ്ര നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ചെയ്യാര്‍ ഇന്‍ഡസ്ട്രീയല്‍ മേഖലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ട്രാക്ക് മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 250 മീറ്റര്‍ വ്യാസമുള്ള സര്‍ക്കുലര്‍ ഡൈനാമിക് പ്ലാറ്റ്‌ഫോം, ആറ് വ്യത്യസ്ത സര്‍ഫേസുകളുള്ള 4X4 അഡ്വഞ്ചര്‍ ട്രാക്ക്, 200 കിലോമീറ്റര്‍ വേഗത എടുക്കാന്‍ കഴിയുന്ന സീറോ പെര്‍സെന്റ് സ്ലോപ്പ് ഹൈ സ്പീഡ് ട്രാക്ക്, എ.ബി.എസ്, ഇ.എസ്.പി., ടി.സി.എസ്. തുടങ്ങിയ ബ്രേക്കിങ്ങ് സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഡ്രൈ ആന്‍ഡ് വെറ്റ് ട്രാക്ക് തുടങ്ങി 20 ഓളം ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്കിലെ നേരായ അതിവേഗ റോഡിൽ, വാഹനങ്ങൾക്ക് 200 കിലോമീറ്ററിൽ കൂടുതൽ വേഗത ആര്‍ജ്ജിക്കുവാന്‍ കഴിയും. അതിനുപുറമെ, പ്രകടനത്തിനും തീരദേശ-അളവുകൾക്കുമായി മികച്ച റോഡ് നിർമ്മിച്ചിരിക്കുന്നു.
ഒരു പൊതു ഹൈവേ ഡ്യൂറബിലിറ്റി ട്രാക്കും ഒരു സിമുലേറ്റ് സിറ്റി ട്രാക്കും നിർമ്മിച്ചിരിക്കുന്നത് പൊതു റോഡ് ഡ്യൂറബിലിറ്റി അനുകരിക്കാനാണ്. കൂടാതെ, സൗകര്യങ്ങൾ ഇല്ലാത്ത ഒരു ടെസ്റ്റ് ട്രാക്കും ഇവിടെയുണ്ട്. ഇതിൽ കുഴികൾ, ഉരുളൻ കല്ല്, റംബ്ലറുകൾ, വിവിധ തരം സ്‍പീഡ് ബ്രേക്കറുകൾ എന്നിവയുൾപ്പെടെയുള്ള മോശം റോഡ് ഉപരിതലങ്ങളുണ്ട്. കൂടാതെ, മഴ, വെള്ളം ഒഴുകുന്നത്, വെള്ളം തെറിക്കുന്നത് തുടങ്ങിയവ കൃത്രിമമായി സൃഷ്‍ടിക്കാനും ട്രാക്കിന് സാധിക്കും. കൊടുങ്കാറ്റിനെ അനുകരിക്കാന്‍ പൊടി നിറഞ്ഞ ചേമ്പര്‍, ഈർപ്പം നിറഞ്ഞ ചേമ്പർ ഉള്ള ഒരു സമ്പൂർണ്ണ വാഹന കോറോൺ ടെസ്റ്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രൂവിങ്ങ് ട്രാക്കില്‍ ഉണ്ട്.
ഈ പദ്ധതിയെ സ്വപ്‌ന സാക്ഷാത്കാരമെന്നാണ് മഹീന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ അനീഷ് ഷായാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്‍തത്. മഹീന്ദ്ര ഓട്ടോ ആൻഡ് ഫാം സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കർ, ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര, ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് വേലുസാമി ആർ തുടങ്ങിയവരും പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
