മഹീന്ദ്ര KUV100 NXT മോഡലിന് പുതിയ ഡ്യുവല്‍ ടോണ്‍ വേരിയന്‍റിനെ അവതരിപ്പിച്ചു. 7.35 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില എന്ന് ഇന്ത്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോണോ-ടോണ്‍ കളര്‍ ഓപ്ഷനോക്കാള്‍ 7,500 രൂപ കൂടുതല്‍. 

ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ ഉയര്‍ന്ന പതിപ്പായ K8 മോഡലില്‍ മാത്രമാകുക. സില്‍വര്‍ വിത്ത് ബ്ലാക്ക് റൂഫ്, റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉള്‍പ്പെടുന്ന രണ്ട് നിറങ്ങളില്‍ ഡ്യുവല്‍-ടോണ്‍ വേരിയന്റ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം തെരഞ്ഞെടുക്കാം. ഡ്യുവല്‍-ടോണ്‍ മോഡലിന് സ്റ്റാന്‍ഡേര്‍ഡ് K8 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.

വാഹനത്തിന്‍റെ ബിഎസ്6 പതിപ്പിനെ ഈ ഏപ്രില്‍ മാസത്തിലാണ് കമ്പനി അവതരിപ്പിച്ചത്. ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ എംഫാല്‍ക്കണ്‍ പെട്രോള്‍ എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ട്രാന്‍സ്മിഷന്‍. 

പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ് അകത്തളം. 15 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ പ്രധാന ആകർഷണം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന പ്രത്യേകത. പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍, കീലെസ് എന്‍ട്രി, പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോസ് എന്നിവയും അകത്തളത്തെ ഫീച്ചറുകളാണ്. ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, ക്രോം ആവരണത്തോടെയുള്ള ഗ്രില്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്‌പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍.