Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ പുത്തന്‍ ബൊലേറോയുമായി മഹീന്ദ്ര

ആധുനിക രൂപകല്‍പ്പനയും കരുത്തുറ്റ സാങ്കേതിക വിദ്യയും ആഡംബര സവിശേഷതകളുമായി ബൊലേറോ നിയോ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണ്

Mahindra launches the new Bolero Neo
Author
Mumbai, First Published Jul 14, 2021, 5:01 PM IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്‌യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്‌യുവിയാക്കിയാക്കുന്നുവെന്നും പുതിയ ബൊലേറോ നിയോയുടെ ബ്രാന്‍ഡിലേക്കുള്ള കൂട്ടിചേര്‍ക്കല്‍ ബൊലേറോയെ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 എസ്‌യുവികളിലൊന്നാക്കാന്‍ സഹായിക്കുമെന്നും എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു.

ആധുനിക രൂപകല്‍പ്പനയും കരുത്തുറ്റ സാങ്കേതിക വിദ്യയും ആഡംബര സവിശേഷതകളുമായി ബൊലേറോ നിയോ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണ്. ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പിനിന്‍ഫറീനയുടെ  സ്റ്റൈലായ പുതിയ രൂപകല്‍പ്പനയും പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്‌ട്രോണിക്ക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഐഎസ്ഒഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സാങ്കേതിക വിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് നിര്‍മിച്ചിരിക്കുന്നത്. കരുത്ത് തെളിയിച്ചിട്ടുള്ള മഹീന്ദ്ര എംഹോക്ക് എന്‍ജിനാണ് ശക്തി പകരുന്നത്.

സ്‌കോര്‍പിയോ, ഥാര്‍ എന്നിവയുമായി പങ്കുവയ്ക്കുന്ന മൂന്നാം തലമുറ ചേസിസില്‍ നിര്‍മിച്ചിരിക്കുന്ന ബൊലേറോ നിയോയെ അതിനനുസരിച്ച് കരുത്ത് വേറിട്ടു നിര്‍ത്തുന്നുവെന്നും ഫ്രെയിമിലുള്ള കരുത്തുറ്റ ബോഡി, കഴിവ് തെളിയിച്ചിട്ടുള്ള മഹീന്ദ്രയുടെ എംഹോക്ക് ഡീസല്‍ എന്‍ജിന്‍, മള്‍ട്ടി ടെറെയിന്‍ സാങ്കേതിക വിദ്യ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ബൊലേറോ നിയോയ്ക്ക് ഏതു സാഹചര്യവും കീഴടക്കാനുള്ള ആത്മവിശ്വാസം പകരുന്നുവെന്നും ഒരുപാട് സവിശേഷതകളുമായി ബൊലേറോ നിയോ ഉല്‍പ്പന്ന മികവ്, പ്രകടനം, എസ്‌യുവി മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത തുടരുന്നുവെന്നും എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍, ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ആര്‍. വേലുസാമി പറഞ്ഞു.

 പുതിയ ബൊലേറോ നിയോയിലെ മാറ്റങ്ങള്‍ രൂപകല്‍പ്പനയിലും പുറം ബോഡിയിലും മാത്രം ഒതുങ്ങുന്നതല്ല, 100 എച്ച്പി എംഹോക്ക് എന്‍ജിന്‍, കഠിനമായി നിര്‍മിച്ചിട്ടുള്ള ബോഡി, എവിടെയും പോകാവുന്ന സെറ്റപ്പ് തുടങ്ങിയവയ്ക്ക് ബോഡി ഓണ്‍ ഫ്രെയിം നിര്‍മാണം, റിയര്‍ വീല്‍ ഡ്രൈവ്, മള്‍ട്ടി ടെറെയിന്‍ സാങ്കേതികവിദ്യ എന്നിവയും ഉണ്ടെന്നും കമ്പനി പറയുന്നു. 

പുതിയ ബൊലേറോ നിയോ ഏഴു സീറ്റ് മോഡലാണ്. മൂന്നു വേരിയന്റുകളില്‍ (എന്‍4-ബേസ്, എന്‍8-മിഡ്, എന്‍-10 ടോപ്പ്) ലഭ്യമാണ്. റോക്കി ബീജ്, മജസ്റ്റിക്ക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക്, റോയല്‍ ഗോള്‍ഡ് (ഉടന്‍ വരുന്നു) എന്നിങ്ങനെ ഏഴു നിറങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാം. പുത്തന്‍ ബൊലേറോ നിയോ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios