മഹീന്ദ്രയുടെ ജനപ്രിയ എംപിവിയായ മരാസോയുടെ ബിഎസ്6 മോഡലിനായി ഏറെനാളായി കാത്തിരിക്കുകയാണ് നിരവധി വാഹനപ്രേമികള്‍. എന്നാൽ കൊവിഡ് 19 വൈറസ് വ്യാപനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകി. ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള എംപിവിയുടെ നിർമാണം മഹീന്ദ്ര ആരംഭിച്ചു കഴിഞ്ഞെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം നാസിക്ക പ്ലാന്റിൽ മഹീന്ദ്ര ബിഎസ്6 മരാസോയുടെ 36 യൂണിറ്റുകൾ നിർമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്6 മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ഇതിനകം തന്നെ ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി എംപിവി ബുക്ക് ചെയ്യാം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്‌പാദനം വർധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഉടൻ തന്നെ ബിഎസ്6 മഹീന്ദ്ര മറാസോയുടെ ഔദ്യോഗിക വില പ്രഖ്യാപനവും കമ്പനി നടത്തും.

ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണവും നവീകരിച്ച ആദ്യത്തെ ബോഡി ഓൺ ലാൻഡർ വാഹനമാണ് മഹീന്ദ്ര മരാസോ. ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാകും ബിഎസ്6 മോഡൽ ഒരുങ്ങുന്നതും. മരാസോയുടെ M8 വേരിയൻറ് ശ്രേണിയിൽ നിന്ന് ഒഴിവാക്കിയ മഹീന്ദ്ര ഇനി മുതൽ M2, M4 +, M6 + എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ മാത്രമാകും വിപണിയിൽ എത്തിക്കുക. 

2020 മഹീന്ദ്ര മറാസോയിലെ പ്രധാന മാറ്റം അതിന്‍റെ പുതിയ ഹൃദയം തന്നെയാണ്. ബിഎസ്6 കംപ്ലയിന്റ് എഞ്ചിനിലാണ് വാഹനം എത്തുക. നിലവിലെ അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ യൂണിറ്റാണ് കമ്പനി ഇപ്പോൾ പരിഷ്ക്കരിക്കുന്നത്. ഈ എഞ്ചിന്‍ 121 bhp കരുത്തിൽ 300 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഈ വർഷം അവസാനം അല്ലെങ്കിൽ 2021 ന്‍റെ ആദ്യ പകുതിയിൽ മോഡലിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഒപ്പം മരാസോയുടെ പെട്രോൾ എഞ്ചിൻ പതിപ്പും മഹീന്ദ്ര ഉടൻ വിൽപ്പനയ്ക്ക് എത്തിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 163 bhp 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റാകും എംപിവിയിൽ ഇടംപിടിക്കുക.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതിയും വാഹനം സ്വന്തമാക്കിയിരുന്നു. ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിന്റെ സുരക്ഷ ഉറപ്പിക്കുന്നു.

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ.