Asianet News MalayalamAsianet News Malayalam

ഇന്നോവയെയും എര്‍ട്ടിഗയെയും ഒരുമിച്ചു പൂട്ടണം; പുതു തന്ത്രങ്ങളുമായി മഹീന്ദ്ര!


മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമാണ് മരാസോയുടെ മുഖ്യ എതിരാളികള്‍.

Mahindra marazzo new versions launch follow up
Author
Mumbai, First Published Feb 15, 2021, 12:51 PM IST

ജനപ്രിയ എംപിവി മരാസോയ്ക്ക് പെട്രോള്‍ എഞ്ചിൻ നൽകാനൊരുങ്ങുകയാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മോഡല്‍ ഉടന്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പെട്രോള്‍ മോഡലിനൊപ്പം നിലവില്‍ നിരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ കൂടി നല്‍കാനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നും കാര്‍ ടോഖ് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി) ആയിരിക്കും ഡീസല്‍ എന്‍ജിനൊപ്പം നല്‍കുക. മാരാസോയുടെ എം2, എം4 പ്ലസ്, എം6 പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് മോഡല്‍ എത്തും. ഈ വാഹനത്തിന്റെ വിവരങ്ങള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. 

മഹീന്ദ്ര കോംപാക്ട് എസ്.യു.വി. മോഡലില്‍ നല്‍കിയിട്ടുള്ള എ.എം.ടി. ഗിയര്‍ബോക്‌സ് ആയിരിക്കും മരാസോയിലും നല്‍കുക. ഇതില്‍ മാനുവല്‍ മോഡ് ക്രീപ്പ് ഫങ്ഷന്‍ എന്നിവ ഒരുക്കുന്നുണ്ട്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക് ഡൗണ്‍ ഷിഫ്റ്റ്‌സ്, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ്പ് ടു സ്വിച്ച് തുടങ്ങിയ സംവിധാനങ്ങളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ തുറന്നിട്ടുണ്ടെങ്കില്‍ വാഹനം മൂവ് ചെയ്യുന്നത് തടയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്  ഡീസല്‍ എന്‍ജിനിലാണ് മരാസോ എത്തുന്നത്. ഇത് 121 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ പവര്‍, ഇക്കോ എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍ ഇതില്‍ നല്‍കുന്നുണ്ട്. മാനുവല്‍ മോഡല്‍ മരാസോയിക്ക് 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. 

മരാസോയുടെ പെട്രോള്‍ പതിപ്പ് 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മഹീന്ദ്ര ആദ്യമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന വാഹനമായിരിക്കും മരാസോ എന്നാണ് സൂചനകള്‍. മരാസോയില്‍ നല്‍കുന്ന ഈ പെട്രോള്‍ എന്‍ജിന്‍ 161 ബി.എച്ച്.പി.പവറും 280 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  ആദ്യം ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. പിന്നീട് ബിഎസ് VI-ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി പുറത്തിറക്കി. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.  

ബിഎസ്6 ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm ടോർക്കും സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.  മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ നിലവിലെ മോഡിലില്‍ ഉണ്ട്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിലുണ്ട്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതിയും വാഹനം സ്വന്തമാക്കിയിരുന്നു. ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിന്റെ സുരക്ഷ ഉറപ്പിക്കുന്നു.

സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്‍പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ. ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ തുടങ്ങിയ വമ്പന്മാര്‍ക്ക് കടുത്ത ഭീഷണിയാണ് വാഹനം സൃഷ്‍ടിക്കുന്നത്. 

ഇനി പെട്രോള്‍ എഞ്ചിന്‍ കൂടി വിപണയിൽ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. എംസ്റ്റാലിന്‍ കുടുംബത്തിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിച്ചത്. 162 bhp കരുത്തും 280 Nm ടോർക്കും സൃഷ്ടിക്കുന്നതാകും ഈ എഞ്ചിന്‍. 

മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമാണ് മരാസോയുടെ മുഖ്യ എതിരാളികള്‍. എന്നാൽ പെട്രോൾ എഞ്ചിൻ  ഇല്ല എന്നത് മാരാസോയുടെ ഒരു കുറവ് ആയിരുന്നു. ഈ കുറവ് നികത്താനാണ് മഹീന്ദ്രയുടെ നീക്കം. തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും ഇപ്പോള്‍ മരാസോയ്ക്ക് കഷ്‍ടകാലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രീമിയം എംപിവിയുടെ 161 യൂണിറ്റുകള്‍ മാത്രമാണ് 2020 ഡിസംബറില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞത്. 2019-ല്‍ ഇതേ മാസത്തില്‍ ഇത് 1,292 യൂണിറ്റായിരുന്നു. അതായത് 88 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലുകള്‍ എത്തുന്നതോടെ നഷ്‍ടമായ വിപണി തിരികെപ്പിടിക്കാമെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍.  

Follow Us:
Download App:
  • android
  • ios