മഹീന്ദ്രയുടെ ജനപ്രിയ എംപിവി മരാസോയുടെ പെട്രോൾ പതിപ്പ് വരുന്നു. 2020 ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവതരിപ്പിച്ച എം -സ്റ്റാല്ലിയൺ സീരീസ്  എഞ്ചിൻ  ആയിരിക്കും പുത്തന്‍ മരാസോയുടെ ഹൃദയം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമാണ് മരാസോയുടെ മുഖ്യ എതിരാളികള്‍. എന്നാൽ പെട്രോൾ എഞ്ചിൻ  ഇല്ല എന്നത് മാരാസോയുടെ ഒരു കുറവ് ആയിരുന്നു. ഈ കുറവ് നികത്താനാണ് മഹീന്ദ്രയുടെ നീക്കം. പുത്തന്‍ എഞ്ചിൻ വരുന്നതോടെ ഈ സെഗ്മെന്റിലെ മത്സരം കടുക്കും. 2020 രണ്ടാം പകുതിയിൽ ഈ വാഹനം വിപണിയിൽ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എം -സ്റ്റാല്ലിയൺ 1.2 ലിറ്റർ, 1.5 ലിറ്റർ, 2.0 ലിറ്റർ എഞ്ചിനുകൾ  മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇതിൽ 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോ ചാർജ്ഡ് ഡയറക്റ്റ് ഇൻജെക്ഷൻ എഞ്ചിൻ ആയിരിക്കും പെട്രോൾ മരാസോക്ക് നൽകുക. ബി എസ് 6 നിലവാരത്തിൽ ഉള്ള ഈ എഞ്ചിൻ 163 ബിഎച്ച്പി പവറും  280 ന്യൂട്ടൺ മീറ്റർ ടോർക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് മാന്വൽ,  ഓട്ടോമാറ്റിക് ഗിയറുകളാവും ട്രാന്‍സ്‍മിഷന്‍. 

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ വിപണിയിലെത്തുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച വാഹനമാണ് മരാസോ. നിലവില്‍ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ട്രാന്‍സ്‍മിഷന്‍.