Asianet News MalayalamAsianet News Malayalam

ഇന്നോവയെ വിഴുങ്ങാനെത്തി, പക്ഷേ ജനം വീട്ടുമുറ്റമടച്ചു, ക്ലച്ച് പിടിക്കാതെ മഹീന്ദ്ര സ്രാവ്!

ഇന്നോവയെ വിഴുങ്ങാനെത്തിയ മഹീന്ദ്രയുടെ സ്രാവിന് കഷ്‍ടകാലമെന്ന് റിപ്പോര്‍ട്ടുകള്‍

Mahindra Marazzo Sales Down By 88% In December 2020
Author
Mumbai, First Published Jan 23, 2021, 11:10 AM IST

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും ഇപ്പോള്‍ മരാസോയ്ക്ക് കഷ്‍ടകാലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രീമിയം എംപിവിയുടെ 161 യൂണിറ്റുകള്‍ മാത്രമാണ് 2020 ഡിസംബറില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞത്. 2019-ല്‍ ഇതേ മാസത്തില്‍ ഇത് 1,292 യൂണിറ്റായിരുന്നു. അതായത് 88 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നതെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം വാര്‍ഷിക വില്‍പ്പന കണക്കുകളില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ദ്ധനവുമുണ്ട്. 2020 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് മൊത്തം 16,050 യൂണിറ്റ് മരാസോകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. 2019ല്‍ ഇത് 15,276 യൂണിറ്റായിരുന്നു. എന്നാല്‍ 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഡിസംബറില്‍ 11 ശതമാനം ഇടിവും സംഭവിച്ചു. മാത്രമല്ല പുതുതലമുറ ഥാര്‍, XUV300 കോംപാക്ട് എസ്യുവി ഒഴികെ മറ്റെല്ലാ മഹീന്ദ്ര മോഡലുകളും 2020 ഡിസംബറില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മരാസോ. കാഴ്ച്ചയിലും പെര്‍ഫോമന്‍സ് കണക്കുകളിലും യാത്രാ സുഖത്തിലുമെല്ലാം കേമനായിരുന്നിട്ടും വേണ്ടത്ര ശ്രദ്ധനേടാന്‍ വാഹനത്തിനു കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏഴ്, എട്ട് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന മറാസോ M2, M4 പ്ലസ്, M6 പ്ലസ് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. 11.64 ലക്ഷം രൂപ മുതല്‍ 13.79 ലക്ഷം രൂപ വരെയാണ് ഈ എംപിവി മോഡലിനായി ഇന്ത്യയില്‍ മുടക്കേണ്ട എക്‌സ്‌ഷോറൂം വില. 

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  ആദ്യം ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. പിന്നീട് ബിഎസ് VI-ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി പുറത്തിറക്കി. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.  

ബിഎസ്6 ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm ടോർക്കും സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.  മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ നിലവിലെ മോഡിലില്‍ ഉണ്ട്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിലുണ്ട്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതിയും വാഹനം സ്വന്തമാക്കിയിരുന്നു. ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിന്റെ സുരക്ഷ ഉറപ്പിക്കുന്നു.

സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ. ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ തുടങ്ങിയ വമ്പന്മാര്‍ക്ക് കടുത്ത ഭീഷണിയാണ് വാഹനം സൃഷ്‍ടിക്കുന്നത്. 

അതേസമയം വാഹനത്തിന് പെട്രോള്‍ എഞ്ചിൻ നൽകാനൊരുങ്ങുകയാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മോഡല്‍ ഉടന്‍ എത്തിയേക്കും. പരീക്ഷണയോട്ടം നടത്തുന്ന പുതിയ വാഹനത്തെ നിരത്തില്‍ കണ്ടെത്തിയിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 163 bhp 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റാകും എംപിവിയിൽ ഇടംപിടിക്കുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.  ഇനി പെട്രോള്‍ എഞ്ചിന്‍ കൂടി വിപണയിൽ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. എംസ്റ്റാലിന്‍ കുടുംബത്തിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിച്ചത്. 162 bhp കരുത്തും 280 Nm ടോർക്കും സൃഷ്ടിക്കുന്നതാകും ഈ എഞ്ചിന്‍.  മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമാണ് മരാസോയുടെ മുഖ്യ എതിരാളികള്‍. എന്നാൽ പെട്രോൾ എഞ്ചിൻ  ഇല്ല എന്നത് മാരാസോയുടെ ഒരു കുറവ് ആയിരുന്നു. ഈ കുറവ് നികത്താനാണ് മഹീന്ദ്രയുടെ നീക്കം. 

Follow Us:
Download App:
  • android
  • ios