മഹീന്ദ്രയുടെ നാസിക് പ്ലാന്റില്‍ നിര്‍മിച്ച ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ് പരിശോധനകള്‍ക്കായി തിരിച്ച് വിളിക്കുന്നതെന്നാണ് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എഞ്ചിന്‍ പരിശോധനയ്ക്കായി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഏതാനും വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതായി റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ നാസിക് പ്ലാന്റില്‍ നിര്‍മിച്ച ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ് പരിശോധനകള്‍ക്കായി തിരിച്ച് വിളിക്കുന്നതെന്നാണ് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 600 ഓളം വാഹനങ്ങളെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

മലിനമായ ഇന്ധനം നിറച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ പ്രവര്‍ത്തനങ്ങളില്‍ പോരായ്‍മ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങള്‍ പരിശോധിക്കാനൊരുങ്ങുന്നത്. മലിനമായ ഇന്ധനത്തിന്റെ ഉപയോഗത്തെ തുടര്‍ന്ന് എന്‍ജിന്‍ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധനയ്ക്കാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിട്ടുള്ളതെന്നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ കമ്പനി പറയുന്നത്. 

2021 ജൂണ്‍ മാസം മുതല്‍ ജൂലൈ രണ്ട് വരെ നിര്‍മിച്ച വാഹനങ്ങളിലാണ് മലിനമായ ഇന്ധനം നിറച്ചിരുന്നതെന്നാണ് സൂചന. എന്നാല്‍ ഏതൊക്കെ മോഡലുകളിലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതെന്ന കാര്യം വ്യക്തമല്ല. അതേസമയം തിരിച്ച് വിളിക്കലുമായി ബന്ധപ്പെട്ട് മഹീന്ദ്ര ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

2021 ജൂണ്‍ മാസം മുതല്‍ ജൂലൈ രണ്ട് വരെ നാസിക് പ്ലാന്റില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ഥാര്‍, സ്‌കോര്‍പിയോ, ബൊലേറൊ, മാരാസോ, എക്‌സ്.യു.വി.300 തുടങ്ങിയ വാഹനങ്ങളാണ് നാസിക്കിന്റെ പ്ലാന്റില്‍ നിര്‍മിക്കുന്നത്.

നിലവില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ പരിശോധനയ്ക്ക് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona