Asianet News MalayalamAsianet News Malayalam

വരുന്നൂ, പുതിയൊരു ഥാര്‍ കൂടി!

ഇന്ത്യയില്‍ ഥാര്‍ എസ്‌യുവിയുടെ അഞ്ച് ഡോര്‍ വേര്‍ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 

Mahindra Thar 5-door confirmed for 2023 launch
Author
Mumbai, First Published Jun 3, 2021, 8:57 AM IST

2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. ഇപ്പോഴിതാ പുതിയൊരു ഥാര്‍ കൂടി എത്താനൊരുങ്ങുകയാണ്. വാഹനത്തിന്‍റെ അഞ്ച് ഡോര്‍ പതിപ്പാണ് വരുന്നത്. ഇന്ത്യയില്‍ ഥാര്‍ എസ്‌യുവിയുടെ അഞ്ച് ഡോര്‍ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. എക്‌സ്റ്റെന്‍ഡഡ് വേര്‍ഷന്‍ നിര്‍മിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 2026 ഓടെ ഒമ്പത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ മോഡല്‍ 2023 ല്‍ എത്തിയേക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ 5 ഡോര്‍ പതിപ്പിന്റെ സ്‌റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍എക്സ് വേരിയന്റില്‍ ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നല്‍കിയിട്ടുണ്ട്. ഈ മെക്കാനിക്കല്‍ ഫീച്ചേഴ്‍സുകളിലും 5 ഡോര്‍ പതിപ്പിന് കാര്യമായി മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഥാറിന്‍റെ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. ഗ്ലോബല്‍ NCAP-യില്‍ നിന്ന് 4-സ്റ്റാര്‍ സുരക്ഷ റേറ്റിംഗും സ്വന്തമാക്കിയിരുന്നു. 

ഥാര്‍ അഞ്ച് ഡോര്‍ പതിപ്പ് കൂടാതെ പുതുതലമുറ മഹീന്ദ്ര ബൊലേറോ, ബോണ്‍ ഇവി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി രണ്ട് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പുതു തലമുറ എക്‌സ്‌യുവി 300, ഡബ്ല്യു620, വി201 എന്നീ കോഡ്‌നാമങ്ങള്‍ നല്‍കിയ രണ്ട് മോഡലുകള്‍ എന്നിവയും മഹീന്ദ്ര പുതുതായി വിപണിയിലെത്തിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  
 

Follow Us:
Download App:
  • android
  • ios