Asianet News MalayalamAsianet News Malayalam

ഇതാണ് ഐക്കണിക് ഥാറിന്‍റെ അവസാന മോഡല്‍!

നിലവില്‍ വിപണിയിലുള്ള ഥാറിന്‍റെ അവസാന മോഡലിനെ അവതരിപ്പിച്ച് മഹീന്ദ്ര

Mahindra Thar 700 Limited Edition Launch
Author
Mumbai, First Published Jun 19, 2019, 3:40 PM IST

മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്‍റെ പുതുതലമുറ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ നിലവില്‍ വിപണിയിലുള്ള ഥാറിന്‍റെ അവസാന മോഡലിനെ അവതരിപ്പിച്ച് മഹീന്ദ്ര. കമ്പനിയുടെ എഴുപതാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്ന ഈ ലിമിറ്റഡ് എഡിഷന്‍റെ വെറും 700 യൂണിറ്റുകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു.  9.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോട് കൂടിയ സ്‌പെഷ്യല്‍ ബാഡ്‍ജാണ് അക്വാമറൈന്‍, നാപോളി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലെത്തുന്ന ഥാര്‍ 700 ന്റെ മുഖ്യ ആകര്‍ഷണം. ബ്ലാക്ക് ഫിനിഷ് ഗ്രില്‍, സില്‍വര്‍ ഫിനിഷ് ബോണറ്റ്, വശങ്ങളിലും ബോണറ്റിലുമുള്ള ഡീക്കല്‍സ്, 5 സ്‌പോര്‍ക്ക് അലോയ് വീല്‍, ഥാര്‍ ലോഗോയോടുകൂടിയ ലെതര്‍ സീറ്റ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. എബിഎസ് (ആന്റി ലോക്കിങ് സിസ്റ്റം) സംവിധാനം സുരക്ഷ ഒരുക്കും. 

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാര്‍ 700 എഡിഷന്‍റെയും ഹൃദയം. 3800 ആര്‍പിഎമ്മില്‍ 105 ബിഎച്ച്പി പവറും 1800-2000 ആര്‍പിഎമ്മില്‍ 247 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും പുതിയ ഥാര്‍ 700 ബുക്ക് ചെയ്യാം. 

ഥാറിന്റെ സ്‌പെഷല്‍ എഡിഷന്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ദൃശ്യങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നു.

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. 
 

Follow Us:
Download App:
  • android
  • ios