പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തിലായിരുന്നു മഹീന്ദ്ര വിറ്റത്. ലേലത്തില്‍ ലഭിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. സീരിയൽ നമ്പർ 1 രേഖപ്പെടുത്തിയ ഈ വാഹനത്തിനായി വാശിയേറിയ ഓൺലൈൻ ലേലമായിരുന്നു നടന്നത്. ലേലത്തില്‍ ഏകദേശം 5,500-ഓളം പേരാണ് പങ്കെടുത്തത്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെ വിലയുള്ള പുത്തൻ ഥാറിന്റെ ആദ്യ മോഡലിന് ലേലത്തിൽ കിട്ടിയത് 1.11 കോടി രൂപ ആയിരുന്നു. ദില്ലി സ്വദേശിയായ ആകാശ് മിന്ദയാണ് ഇത്രയും തുക ചെലവാക്കി ആദ്യ 2020 മഹിന്ദ്ര ഥാർ ലേലത്തിൽ പിടിച്ചത്.

ഇപ്പോഴിതാ ആദ്യ ഉടമയ്ക്കു മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനം കൈമാറിയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഭക്ഷ്യ-കാർഷിക മേഖലകളിൽ സുസ്ഥിര ഉപജീവനമാർഗ്ഗം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന നന്ദി ഫൗണ്ടേഷൻ, കൊറോണാനന്തരം ഗ്രാമീണ ജീവിതവും ഉപജീവനവും കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുന്ന സ്വദേശ് ഫൗണ്ടേഷൻ, പ്രധാന മന്ത്രിയുടെ PM കെയേഴ്സ് ഫണ്ട് എന്നിവയിൽ ഒന്നിലേക്കാണ് ലേലത്തുക മഹീന്ദ്ര സംഭാവന ചെയ്യുക. മേല്‍പ്പറഞ്ഞവയിൽ ആർക്ക് ലേലത്തുക സംഭാവന ചെയ്യണം എന്ന് വാഹന ഉടമയായ ആകാശ് മിന്ദയ്ക്ക് തീരുമാനിക്കാം. 

ഥാറിനു ലഭിച്ച 1.11 കോടിക്ക് ഒപ്പം മഹീന്ദ്രയുടെ തത്തുല്യമായ സംഭാവനയും ചേർത്തുള്ള തുക ആകാശ് മിന്ദയുടെ നിർദേശപ്രകാരം സ്വദേശ് ഫൗണ്ടേഷനു കമ്പനി കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. മിൻഡയുടെ താൽപര്യപ്രകാരം ‘ഥാറി’ന്റെ ഫുള്ളി ലോഡഡ്, എൽ എക്സ് പെട്രോൾ ഓട്ടമാറ്റിക് വകഭേദമാണ് മഹീന്ദ്ര ദില്ലിയില് എത്തിച്ചു നൽകിയത്. 

പുത്തൻ ‘ഥാറി’ന്റെ ആദ്യ ഉടമസ്ഥനായി മാറിയതിന് ആകാശ് മിൻഡയെ മ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഓട്ടമോട്ടീവ് ഡിവിഷൻ) വീജേ നക്ര അഭിനന്ദിച്ചു. ആദ്യ ‘ഥാറി’ന്റെ വിൽപ്പന വഴി ‘കോവിഡ് 19’ പ്രതിരോധത്തിനു പണം കണ്ടെത്താൻ നടത്തിയ ലേലം സൃഷ്ടിച്ച ആവേശം പരിഗണിക്കുമ്പോൾ ഇതു ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ലേലത്തിലൂടെ സ്വന്തമാക്കുന്ന ഥാര്‍ കുറച്ചു സ്‌പെഷ്യലായിരിക്കും. നമ്പര്‍ വണ്‍ ബാഡ്ജിങ്ങ് വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കുന്നതിനൊപ്പം ഡാഷ് ബോര്‍ഡിലും ലെതര്‍ സീറ്റുകളിലും ഒന്ന് എന്ന് ആലേഖനം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നു. 

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് പുത്തൻ ഥാറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. 
ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. 

ഒക്ടോബർ 2 ന് ബുക്കിംഗ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 15,000 കടന്ന് ബുക്കിങ് കുതിക്കുകയാണ് വാഹനം. ഇത് കൂടാതെ ഡീലർഷിപ്പുകളിൽ ഇതിനകം ഥാറിനായി 65,000-ൽ അധികം അന്വേഷണങ്ങളും ലഭിച്ചെന്നും എട്ട് ലക്ഷത്തോളം പേര്‍ പുത്തൻ ഥാറിന്‍റെ വെബ്‌സൈറ്റ് സന്ദർശിച്ചു എന്നും മഹീന്ദ്ര വ്യക്തമാക്കിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്ക് ചെയ്‍ത് അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരും പുതിയ വാഹനം കൈകകളില്‍ എത്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുവരെ ഥാർ ബുക്ക് ചെയ്തിട്ടുള്ളവരിൽ 57 ശതമാനം പേരും ആദ്യമായി ഒരു വാഹനത്തിന്റെ ഉടമയാകാൻ പോകുന്നവരാണെന്നുംമാന്വൽ മോഡലിനേക്കാൾ ഓട്ടോമാറ്റിക് മോഡലുകൾക്കാണ് ആവശ്യക്കാരെന്നും മഹീന്ദ്ര വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.