പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നിലവില്‍ ബുക്ക് ചെയ്‍തിട്ടുള്ള ഉപഭോക്തക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍.  വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ നേടിയിരുന്നു. വാഹനത്തിന്‍റെ എല്ലാ വേരിയന്‍റുകളും 2021 മെയ് വരെ വിറ്റുപോയിരുന്നു. അടുത്തിടെ ഥാറിന്റെ അടിസ്ഥാന വേരിയന്റുകളാണ് എ.എക്‌സ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരുന്നു.

വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം 2000 യൂണിറ്റാണ്. ബുക്കിങ്ങ് ഉയര്‍ന്നതോടെ ജനുവരി മാസം മുതല്‍ ഉത്പാദന ശേഷി 3000 ആയി ഉയര്‍ത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിരുന്നു. നിലവില്‍ ഏഴ് മാസം വരെയാണ് ഈ വാഹനത്തിനായുള്ള കാത്തിരിപ്പ് സമയം. എല്‍.എക്‌സ്, എ.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ പതിപ്പുകളിലാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്.

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്‍മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മുഖ്യ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. സുരക്ഷ പരിശോധിക്കുന്നതിനായി നടത്തിയ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റ് ഫോര്‍ സ്റ്റാര്‍ സുരക്ഷ റേറ്റിങ്ങും ഥാര്‍ സ്വന്തമാക്കിയിരുന്നു.