Asianet News MalayalamAsianet News Malayalam

കൂടുതല്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകളുമായി മഹീന്ദ്ര

2020-ന്റെ തുടക്കത്തില്‍ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

Mahindra to unveil new electric scooters
Author
Mumbai, First Published Dec 31, 2019, 11:06 AM IST

2020-ന്റെ തുടക്കത്തില്‍ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

മഹീന്ദ്രയുടെ ഗസ്‌റ്റോയെ അടിസ്ഥാനമാക്കിയാകും ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. മഹീന്ദ്ര നിരയില്‍ നിന്നും വിപണിയില്‍ എത്തിയ മികച്ച സ്‌കൂട്ടറായിരുന്നു ഗസ്‌റ്റോ. 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാറ്ററി സംബന്ധിച്ചോ സ്‌കൂട്ടര്‍ സംബന്ധിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും ഒറ്റ ചാര്‍ജില്‍ ഏകദേശം 80 കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ സഞ്ചരിക്കുമെന്നും 55-60 കിലോമീറ്ററാവും സ്‌കൂട്ടറിന്റെ പരമാവധി വേഗം എന്നും സൂചനകളുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അരങ്ങേറിയേക്കുമെന്നും 80,000 രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിനെ തുടര്‍ന്നാണ് മഹീന്ദ്രയും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്ക് ചുവടുവെയ്ക്കുന്നത്. കമ്പനിയുടെ  73 -ാംമത് വാര്‍ഷിക യോഗത്തിനിടെ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ മഹീന്ദ്ര അവതരിപ്പിച്ച 125 സിസി പൂഷോ പള്‍ഷന്‍ മാക്‌സി-സ്‌കൂട്ടര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കും. ആഭ്യന്തര വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ 125-ന് എതിരാളിയായാകും ഈ മാക്‌സി-സ്‌കൂട്ടര്‍ സ്ഥാനംപിടിക്കുക.

മഹീന്ദ്രയുടെ പിത്താംപൂര്‍ പ്ലാന്റില്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ആഭ്യന്തര വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അനുബന്ധ സ്ഥാപനമായ മാക്‌സി-സ്‌കൂട്ടര്‍ പൂഷോ മോട്ടോര്‍സൈക്കിള്‍സിന്റെ 100 ശതമാനം ഓഹരിയും അടുത്തിടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios