രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി TUV 300-ന്‍റെ എഎംടി മോഡലിനെ കമ്പനി പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ XUV300 ഓട്ടോമാറ്റിക്കിന്റെ വരവ് മുന്‍നിര്‍ത്തിയാണ് TUV300 എഎംടിയെ പിന്‍വലിക്കുന്നതെന്നാണ് സൂചന. 

മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം നിലവില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ TUV300 മോഡലുകളിലൂള്ളൂ. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമാണ് TUV300 ന് ആവശ്യക്കാര്‍ കൂടുതലെന്നതിനാല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിന്റെ അഭാവം TUV300 വില്‍പ്പനയെ സാരമായി ബാധിക്കില്ലെന്നും മാത്രമല്ല, നഗരങ്ങളില്‍ പ്രചാരം കൂടുതലുള്ള XUV300ന് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂവെന്ന ആക്ഷേപം പരിഹരിക്കാനും പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പ് മെയ് ആദ്യമാണ് കമ്പനി വിപണിയിലെത്തിച്ചത്. 

എന്തായാലും TUV300 എഎംടി പിന്‍മാറിയ സാഹചര്യത്തില്‍ നാലു മീറ്ററില്‍ താഴെയുള്ള ഡീസല്‍ ഓട്ടോമാറ്റിക് എസ്‍യുവി വിഭാഗത്തില്‍ ഇനി മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ടാറ്റ നെക്സോണും മാത്രമാകും ഉണ്ടാകുക.