രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര TUV300 എസ്‌യുവിയെ  കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. 2015-ൽ ബോക്സി രൂപകല്പനയിൽ വിപണിയിലെത്തിയ TUV300 കോംപാക്‌ട് എസ്‌യുവി മോഡലിനെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019-ൽ മഹീന്ദ്ര TUV300-ന് ഒരു ഫേസ്‍ലിഫ്റ്റ് കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി TUV300-നെ മഹീന്ദ്ര പരിഷ്‍കരിച്ചിരുന്നുമില്ല. അതുകൊണ്ടു തന്നെ TUV300, TUV300 പ്ലസ് എന്നിവ ഇനി മുതൽ ശ്രേണിയിൽ ഉണ്ടാകാനിടയില്ല. 

ശക്തനായ XUV300  കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ഇനിമുതൽ മഹീന്ദ്രയുടെ സാന്നിധ്യം അറിയിക്കും. വിൽപ്പനയിൽ മികച്ച പ്രകടനം മോഡൽ ഇപ്പോൾ കാഴ്ച്ച വെക്കുന്നുണ്ട്. 2020 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി മഹീന്ദ്ര XUV300 മാറി.

1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര TUV300 ന് കരുത്തേകിയിരുന്നത്. 3,750 rpm-ൽ 100 bhp കരുത്തും 1,600 rpm-ൽ 240 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. മഹീന്ദ്രയുടെ സ്കോർപിയോ എസ്‌യുവിയുടെ അതേ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് TUV300-ന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് എക്സ്ഷോറൂം വില.