Asianet News MalayalamAsianet News Malayalam

ഇനി കാശുമുടക്കി വാങ്ങേണ്ട, പുത്തന്‍ വണ്ടികള്‍ വാടകയ്‍ക്ക് നല്‍കാന്‍ മഹീന്ദ്ര

വാഹനവിപണിയിലെ മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര.

Mahindra vehicle rental program
Author
Mumbai, First Published Sep 14, 2019, 2:56 PM IST

വാഹനവിപണിയിലെ മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര. കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന റേവ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മഹീന്ദ്ര അവതരിപ്പിക്കുന്നത്. 

Mahindra vehicle rental program

ഏഴ് മോഡലുകള്‍ക്കാണ് ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മഹീന്ദ്ര ലഭ്യമാക്കുന്നത്.  എക്‌സ്‌യുവി300,  സ്‌കോര്‍പ്പിയോ, XUV 500, മരാസോ, ഓള്‍ടുറാസ് G4,  കെയുവി100, ടിയുവി300 എന്നീ ഏഴ് മോഡലുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതയില്‍ ലഭിക്കും. 

Mahindra vehicle rental program

സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമില്‍ ഉപഭോക്താക്കള്‍ക്ക് ഗുണങ്ങളേറെയാണെന്ന് കമ്പനി പറയുന്നു. ഡൗണ്‍ പേയ്‌മെന്റ് വേണ്ട. റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, മെയന്റനന്‍സ് തുടങ്ങിയ ചെലവുകളില്ല. റീസെയ്ല്‍ വാല്യുവിനെക്കുറിച്ച് ചിന്തിക്കേണ്ട. കൃത്യമായി മാസവരിസംഖ്യ അടച്ചാല്‍ മതി.  മോഡലുകള്‍/വേരിയന്റുകള്‍ക്കനുസരിച്ച്  19,720 രൂപ മുതലാണ് പ്രതിമാസ വാടക. ഇന്‍ഷുറന്‍സ്, മെയ്ന്റനന്‍സ് ചെലവ് എന്നിവയെല്ലാം അടക്കമാണിത്. ഒന്ന് മുതല്‍ നാല് വര്‍ഷം വരെ ഇത്തരത്തില്‍ മഹീന്ദ്ര കാറുകള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും വാഹനം മാറ്റുകയും ചെയ്യാം. ഒരു വര്‍ഷമാണ് ഏറ്റവും കുറഞ്ഞ കാലാവധി .

Mahindra vehicle rental program
കാലാവധി കഴിഞ്ഞാല്‍ വാഹനം കമ്പനിക്ക് തിരികെ നല്‍കണം. അല്ലെങ്കില്‍ കാലപ്പഴക്കത്തിനനുസരിച്ച് കണക്കാക്കിയ ഒരു തുക നല്‍കി ഉപഭോക്താവിന് വാഹനം സ്വന്തമായി വാങ്ങുകയും ചെയ്യാം. സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലൂടെ പുതിയ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുക അടച്ച് ആദ്യം വാഹനം ബുക്ക് ചെയ്യണം. ഈ തുക തിരിച്ചുകിട്ടും. ആദ്യ മാസത്തെ വാടകയും മുന്‍കൂറായി അടയ്ക്കണം. ബുക്ക് ചെയ്ത് ഒരുമാസത്തിനുള്ളില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ പ്രകാരം മാസംതോറും 2083 കിലോമീറ്റര്‍ വരെയാണ് എല്ലാ മോഡലുകള്‍ക്കും സൗജന്യ ദൂരപരിധി. അതിന് പുറമെയുള്ള കിലോമീറ്ററുകള്‍ക്ക് അധിക ചാര്‍ജ് വരും. 

Mahindra vehicle rental program

ടിയര്‍ 1, ടിയര്‍ 2 മേഖലയിലുള്ള സ്ഥിരവരുമാനമുള്ളവരെയും സെല്‍ഫ് എംപ്ലോയ്ഡ് ആയവരെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍. തുടക്കത്തില്‍ ദില്ലി, മുംബൈ, പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കും.

Mahindra vehicle rental program

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ മഹീന്ദ്ര കാര്‍ ലീസിംഗ് മേഖലയിലേക്ക് കടന്നിരുന്നു. അടുത്തകാലത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും കാര്‍ ലീസിംഗ് സംവിധാനം തുടങ്ങിയിരുന്നു. 

Mahindra vehicle rental program

Follow Us:
Download App:
  • android
  • ios