Asianet News MalayalamAsianet News Malayalam

ജനപ്രീതി നേടി മഹീന്ദ്ര എക്‌സ്‌യുവി 300, ബുക്കിംഗ് കുതിക്കുന്നു

2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും വാഹനത്തിന് പ്രതിമാസം ശരാശരി 6,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആകെ ബുക്കിംഗുകളില്‍ 48 ശതമാനവും  പെട്രോള്‍ വേരിയന്‍റിനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Mahindra XUV300 gains popularity, bookings increase
Author
Mumbai, First Published May 31, 2021, 3:27 PM IST


വിപണിയിലെത്തി അധികം വൈകാതെ തന്നെ ജനപ്രിയമായി മാറിയ വാഹനമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300. ഈ കോംപാക്ട് എസ്‌യുവിക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വാഹനത്തിന്‍റെ ബുക്കിംഗ് 90 ശതമാനം വര്‍ദ്ധിച്ചെന്ന് കമ്പനി വ്യക്തമാക്കിയതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും വാഹനത്തിന് പ്രതിമാസം ശരാശരി 6,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആകെ ബുക്കിംഗുകളില്‍ 48 ശതമാനവും  പെട്രോള്‍ വേരിയന്‍റിനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാരണം, ബുക്ക് ചെയ്‍ത ശേഷം വാഹനത്തിനായുള്ള കാത്തിരിപ്പ് കാലാവധി ഇപ്പോള്‍ 12 ആഴ്‍ചയിലധികം നീളും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2019 ഫെബ്രുവരി 14നാണ് മഹീന്ദ്ര XUV300 -യെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ വളരെയധികം മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് മഹീന്ദ്ര XUV300യുടെ സ്ഥാനം. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.

എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. ശ്രേണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.   എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് 2020മാര്‍ച്ചിലാണ് വിപണിയില്‍ എത്തിയത്.  നിലവിലുള്ള വാഹനത്തിലെ  അതെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തി എന്ന് മാത്രം. 110bhp കരുത്തും 200Nm ടോർക്കും ഈ എഞ്ചിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ആണ് ഗിയർ ബോക്സ് . മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.

സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ വാഹനം അടുത്തിടെ ആ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍  നടന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് വാഹനം സുരക്ഷ ഉറപ്പാക്കിയത്.  റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. ദക്ഷിണ ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് മഹീന്ദ്ര എക്‌സ്‍യുവി300. ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റിന് ഒരേ മാനദണ്ഡമാണുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള എക്‌സ്.യു.വി 300-ഉം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും സേഫര്‍ ചോയിസ് അവാര്‍ഡ് നേടുകയും ചെയ്‍തിരുന്നു. ഇതിനു മുമ്പും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios