Asianet News MalayalamAsianet News Malayalam

ആഫ്രിക്കയില്‍ ഹീറോയായി മഹീന്ദ്ര, ഇടിപരീക്ഷയില്‍ ഫുള്‍ മാര്‍ക്ക്!

ദക്ഷിണ ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് മഹീന്ദ്ര എക്‌സ്‍യുവി300

Mahindra XUV300 Get 5 Star In Crash Test At Africa
Author
Mumbai, First Published Feb 2, 2021, 11:12 AM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300 വിപണിയിലെത്തി അധികം വൈകാതെ തന്നെ ജനപ്രിയമായി മാറിയ വാഹനമാണ്. ഇപ്പോഴിതാ വിദേശത്തും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‍യുവി300. സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ വാഹനം ആ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഈ കോംപാക്ട് എസ്.യു.വി. സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. 

ദക്ഷിണ ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് മഹീന്ദ്ര എക്‌സ്‍യുവി300. ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റിന് ഒരേ മാനദണ്ഡമാണുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള എക്‌സ്.യു.വി 300-ഉം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും സേഫര്‍ ചോയിസ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

നേരത്തെയും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി നിലനിർത്തിയിട്ടുണ്ട്.  നേരത്തെ നടന്ന  ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു.  യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300.   എയര്‍ബാഗ്, സീറ്റ് റിമൈന്‍ഡര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി തുടങ്ങിയവ ഇതിലെ അടിസ്ഥാന സുരക്ഷ ഫീച്ചറുകളാണ്.

2019 ഫെബ്രുവരി 14നാണ് മഹീന്ദ്ര XUV300 -യെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. 

എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. ശ്രേണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.   എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് 2020മാര്‍ച്ചിലാണ് വിപണിയില്‍ എത്തിയത്.  നിലവിലുള്ള വാഹനത്തിലെ  അതെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തി എന്ന് മാത്രം. 110bhp കരുത്തും 200Nm ടോർക്കും ഈ എഞ്ചിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ആണ് ഗിയർ ബോക്സ് . 

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios