മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ ടര്‍ബോ പതിപ്പിനെകൂടി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ട്. ടര്‍ബോ പതിപ്പുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ പൊതുവേ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. 

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും ഈ പതിപ്പില്‍ ഇടംപിടിക്കുക. പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പിന്നിലായി പുക അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചായിരുന്നു പരീക്ഷണയോട്ടം.

എംസ്റ്റാലിയന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 130 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും. ഈ എഞ്ചിന്‍ തന്നെയാണ് XUV300 സ്‌പോര്‍ട്‌സ് പതിപ്പിലും ഇടംപിടിക്കുക. 1.2 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നിങ്ങനെ മൂന്ന് ഡിസ്‍പ്ലേസ്‍മെന്റുകളിലാണ് എംസ്റ്റാലിയന്‍ എഞ്ചിന്‍ നിര ഒരുങ്ങുന്നത്. 

2020 ഓട്ടോ എക്സ്പോയിലാണ് ഈ എഞ്ചിനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. കുറഞ്ഞ എഞ്ചിന്‍ വേഗതയില്‍ ടര്‍ബോ നിയമം ലഘൂകരിക്കുന്നതിനുള്ള ഓവര്‍ബൂട്ട് പ്രവര്‍ത്തനം ഇതില്‍ അവതരിപ്പിക്കുന്നു.

ത്രീ സിലിണ്ടര്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 5,000 rpm -ല്‍ 130 bhp കരുത്തും 1,500-3,750 rpm -ല്‍ 230 Nm torque ഉം സൃഷ്ടിക്കുന്നു. അധികം വൈകാതെ തന്നെ ഈ പതിപ്പിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. 

പെര്‍ഫോമെന്‍സ് പതിപ്പിനെ കൂടാതെ XUV300 സ്‌പോര്‍ട്‌സ് T-GDI പതിപ്പിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്‌മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വേറിട്ടതാക്കുന്നത്.

റെഗുലര്‍ എക്‌സ്‌യുവി 300-ന്റെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. മികച്ച വില്‍പ്പനയുള്ള ഈ മോഡല്‍ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടിയാണ്. നിലവിലെ വാഹനത്തിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി  നിലനിർത്തിയിട്ടുണ്ട്. 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. 

യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്.