Asianet News MalayalamAsianet News Malayalam

എക്സ്‍യുവി 400ന്‍റെ വില പ്രഖ്യാപിച്ച് മഹീന്ദ്ര;  ജനുവരി 26 മുതൽ ബുക്കിംഗ് തുടങ്ങും

 ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാണ് ഈ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എക്‌സ്‌യുവി400 ലഭ്യമാക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Mahindra XUV400 Booking Will Start On January 26
Author
First Published Jan 18, 2023, 9:55 PM IST

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മോഡലായ എക്‌സ്‌യുവി 400ന്റെ വില പ്രഖ്യാപിച്ചു. രണ്ട് വേരിയന്റുകളിലായാണ് എക്‌സ്‌യുവി 400 നിരത്തുകളിലെത്തുന്നത്. 15.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.  അടിസ്ഥാന മോഡലായ ഇസിയുടെ 3.30 kw ചാര്‍ജര്‍ ഓപ്ഷന്‍ 15.99 ലക്ഷം രൂപയും, ഇസി 7.2 kw ചാര്‍ജര്‍ വകഭേദത്തിന് 16.49 ലക്ഷം രൂപയും, ഉയര്‍ന്ന മോഡലായ ഇഎല്‍ ന് 18.99 ലക്ഷം രൂപയുമാണ് വില. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാണ് ഈ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എക്‌സ്‌യുവി400 ലഭ്യമാക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ജനുവരി 26 മുതൽ   എക്‌സ്‌യുവി 400 ന്റെ ബുക്കിങ് ആരംഭിക്കും.  ലോഞ്ചിന്റെ ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, സൂറത്ത്, ജയ്പൂർ, മുംബൈ എംഎംആർ, നാസിക്, വെർണ (ഗോവ), പൂനെ, നാഗ്പൂർ, ബാംഗ്ലൂർ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചണ്ഡീഗഡ്, ഡൽഹി എൻസിടി, കൊൽക്കത്ത, ഡെറാഡൂൺ, കോയമ്പത്തൂർ, ഔറംഗബാദ്, ഭുവനേശ്വർ, കോലാപൂർ, മൈസൂർ, മംഗലാപുരം, വഡോദര, പട്ന, കോഴിക്കോട്, റായ്പൂർ, ലുധിയാന, ഉദയ്പൂർ, ജമ്മു, ഗുവാഹത്തി, ലഖ്നൗ, ആഗ്ര, ഇൻഡോർ എന്നീ 34 നഗരങ്ങൾ ഉൾപ്പെടുന്നതായും കമ്പനി പറയുന്നു.

ഇസി മോഡല്‍ 375 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 34.5 kWh ബാറ്ററി ഉപയോഗിക്കുമ്പോള്‍ ഇഎല്‍ 39.4 kWh ബാറ്ററിയില്‍ ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ സഞ്ചരിക്കും. ഇസി 3.3 kW, 7.2 kW എന്നീ ചാര്‍ജര്‍ ഓപ്ഷനുകളില്‍ ലഭിക്കുമ്പോള്‍ ഇഎല്‍ 7.2 kW ചാര്‍ജറില്‍ ആണ് ലഭ്യമാകുക. രണ്ട് ബാറ്ററിപാക്ക് മോഡലുകളിലും ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ഒന്നുതന്നെയാണ്. ഇത് 150 പിഎസ് പവറും 310 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 8.3 സെക്കന്‍ഡില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. വാഹനത്തിന് മൂന്നു വര്‍ഷവും ബാറ്ററിക്കും മോട്ടറിനും എട്ടു വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററും വാറന്റിയും നല്‍കുന്നുണ്ട്. 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ എണ്‍പത് ശതമാനം വരെ 50 മിനിറ്റില്‍ ചാര്‍ജ് ചെയ്യാം. 7.2 കിലോവാട്ട് ചാര്‍ജിംഗിലൂടെ പൂര്‍ണതോതില്‍ ചാര്‍ജിലെത്താന്‍ 6 മണിക്കൂര്‍ 30 മിനിറ്റും 3.3 കിലോവാട്ട് ഡൊമസ്റ്റിക് ചാര്‍ജറിലൂടെ 13 മണിക്കൂറും വേണം. 4200 എംഎം വീതിയും 1821 എംഎം വീതിയിലും ഒരുങ്ങിയിട്ടുള്ള എക്‌സ്‌യുവി400ന് 2600 എംഎം വീല്‍ബേസ് ആണ് പുതിയ മോഡലില്‍ നല്‍കിയിട്ടുള്ളത്.

ആറ് എയര്‍ബാഗ്, നാല് ഡിസ്‌ക് ബ്രേക്ക്, 17.78 സെന്റിമീറ്റര്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ഓവര്‍ ദ എയര്‍ അപ്‌ഡേറ്റുകളുള്ള കണക്റ്റഡ് കാര്‍ ടെക്ക്, 6 എയര്‍ബാഗുകള്‍, നാലുവീലുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവ പ്രത്യേകതകളാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 20,000 യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.
 
എക്‌സ്‌യുവി 400 വിപണിയിലിറക്കുന്നത് മഹീന്ദ്ര എസ്‌യുവിയുടെ യാത്രയിലെ സുപ്രധാന സന്ദർഭമാണെന്ന്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ സിഇഒ വീജയ് നക്ര പറഞ്ഞു.  ആകര്‍ഷകമായ വിലയില്‍ മികച്ച പ്രകടനം, ഡിസൈന്‍, സ്‌പേസ്, ടെക്‌നോളജി എന്നിവയാണ് ഉപയോക്താക്കള്‍ക്കായി എക്‌സ്‌യുവി 400 ല്‍ ഒരുക്കിയിട്ടുള്ളത്. പുതിയ ഇലക്ട്രിക് വാഹനം കൂടുതല്‍ ഉപയോക്താക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios