രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ  ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് ഓപ്ഷന്‍ അവതരിപ്പിച്ചു. 15.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.W7, W9, W11 (O) എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ഗിയര്‍ബോക്‌സ് കോമ്പിനേഷന്‍ വേരിയന്റുകളില്‍ ലഭ്യമാണ്.

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനിലാണ് വാഹനത്തെ വീണ്ടും മഹിന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. 140 ബിഎച്ച്പി കരുത്ത് ഉത്പാദിപപ്പിയ്ക്കാന്‍ ഈ എഞ്ചിന് സാധിയ്ക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വേട്ടബിള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമായിരിയ്ക്കും. മാനുവല്‍ പതിപ്പും ഓട്ടോമാറ്റിക് പതിപ്പും തമ്മില്‍ 1.21 ലക്ഷം രൂപ വില വ്യത്യാസം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന XUV300 ടര്‍ബോപെട്രോളും ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

ഇപ്പോള്‍ ആറ് സീറ്റുകളുള്ള എംജി ഹെക്ടര്‍ പ്ലസുമായി ആയിരിക്കും XUV500ഏറ്റുമുട്ടുക. എംജിക്ക് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന്റെ ഓപ്ഷന്‍ ഇല്ല. എന്നാല്‍, മഹീന്ദ്രയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഇത് ലഭ്യമാണ്. മറ്റ് എതിരാളികളില്‍ പുതിയ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍ എന്നിവ ഉള്‍പ്പെടുന്നു, ഇവയെല്ലാം ഡീസല്‍ ഓട്ടോമാറ്റിക് രൂപത്തില്‍ വാഗ്ദാനം ചെയ്യുന്നു.

2020 മെയ് മാസത്തിലാണ് വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 2011ല്‍ അരങ്ങേറ്റം കുറിച്ച എക്‌സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്‌കരിച്ചിരുന്നു. കൂടുതല്‍ പുതുമയുള്ള മുഖം നല്‍കാനായി പൂര്‍ണമായും നവീകരിച്ച  രൂപകല്‍പ്പനയാണ് എക്‌സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ പിനിന്‍ഫരിനയുടെ സേവനവും ലഭ്യമാണ്.