Asianet News MalayalamAsianet News Malayalam

വിറ്റത് 700, ബുക്കിംഗ് 70000; ഉത്സവം ആഘോഷമാക്കി XUV700

ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമാമെന്ന് കമ്പനി 

Mahindra XUV700 breaches 70000 bookings
Author
Mumbai, First Published Nov 5, 2021, 7:45 PM IST

ഫ്ലാഗ്ഷിപ്പ് എസ്‍യുവി (Flagship SUV) ആയ XUV 700-ന്റെ വിതരണത്തോടെ ദീപാവലി ആഘോഷമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra). XUV700ന്‍റെ 700 യൂണിറ്റുകളാണ് കമ്പനി ഉപയോക്താക്കള്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമായാണ് കമ്പനി പറയുന്നത്. ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തില്‍ തന്നെ വാഹന നിര്‍മാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

മികച്ച ബുക്കിംഗുമായി കുതിക്കുകയാണ് നിലവില്‍ വാഹനം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എന്‍ക്വയറിയും ബുക്കിങ്ങ് വരുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 

എക്‌സ്.യു.വി.700 പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വിതരണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം. ജനുവരി 14-ന് മുമ്പായി 14,000 വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. XUV700 പെട്രോള്‍ മോഡലിന് 12.49 ലക്ഷം മുതല്‍21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഓപ്ഷണലായി നല്‍കുന്ന ലക്ഷ്വറി പാക്കിലാണ് ഒരുക്കിയിട്ടുള്ളത്. മെമ്മറി ഫംഗ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് ഫീച്ചറുകളാണ്.

ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിംഗ് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.

അടുത്തിടെ 24 മണിക്കൂർകൊണ്ട് 4000 കിലോമീറ്റർ സഞ്ചരിച്ച് മഹീന്ദ്ര എക്സ് യു വി 700 റെക്കോർഡ് ഇട്ടിരുന്നു. ഇവോ ഇന്ത്യ സംഘടിപ്പിച്ച സ്പീഡ് എൻഡുറൻസ് ചാലഞ്ചിലാണ് ദേശീയ റെക്കോർഡ് മഹീന്ദ്ര തകർത്തത്. 2016 ൽ സ്ഥാപിതമായ 3,161 കിലോമീറ്ററിന്‍റെ റെക്കോർഡാണ് പഴങ്കഥയായത്. മഹീന്ദ്രയുടെ തന്നെ സ്പീഡ് ട്രാക്കിലായിരുന്നു പരീക്ഷണം. 

Follow Us:
Download App:
  • android
  • ios