Asianet News MalayalamAsianet News Malayalam

വരുന്നൂ മഹീന്ദ്ര എസ്‌യുവി കൂപ്പെ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എസ്‌യുവി കൂപ്പെയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി റിപ്പോർട്ട്

Mahindra XUV900 SUV Coupe In The Works Reports
Author
Mumbai, First Published May 14, 2021, 10:07 AM IST

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എസ്‌യുവി കൂപ്പെയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി റിപ്പോർട്ട്. 2016ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റ് ആയിരിക്കും കമ്പനിയുടെ ആദ്യ എസ്‌യുവി കൂപ്പെ ആയി വിപണിയിലെത്തുന്നത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ ഡബ്ല്യു620 എന്ന കോഡ്‌നാമം നല്‍കിയിരിക്കുന്ന എസ്‌യുവി കൂപ്പെ എക്‌സ്‌യുവി 900 എന്ന പേരിലായിരിക്കും  വിപണിയിലെത്തുന്നത്. വാഹനത്തിന് ഇരുപത് ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാമെന്നും രണ്ടായിരത്തോളം യൂണിറ്റ് വില്‍ക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോർട്ടുകള്‍.

വിപണി വിടാനൊരുങ്ങുന്ന എക്‌സ്‌യുവി 500 മോഡലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വരാനിരിക്കുന്ന മഹീന്ദ്ര എക്‌സ്‌യുവി 700 എന്ന 7 സീറ്റര്‍ എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോം, മെക്കാനിക്‌സ് എന്നിവ ഉപയോഗിക്കുന്നതായിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 900 എന്ന 4 ഡോര്‍ എസ്‌യുവി കൂപ്പെ. 

മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈന്‍ യൂറോപ്പ് സ്റ്റുഡിയോയില്‍ ആയിരിക്കും പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്യുന്നത്. 7 സീറ്റര്‍ എസ്‌യുവിയുടെ മുന്നിലെ ഫെന്‍ഡറുകള്‍, ഹുഡ്, മുന്നിലെ ഡോറുകള്‍ എന്നിവ എസ്‌യുവി കൂപ്പെയില്‍ കാണാന്‍ കഴിയും. എക്‌സ്‌യുവി എയ്‌റോ കണ്‍സെപ്റ്റില്‍ സൂയിസൈഡ് ഡോറുകളാണ് നല്‍കിയിരുന്നതെങ്കില്‍ എക്‌സ്‌യുവി 900 ഈ ഡോറുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. എക്‌സ്‌യുവി 700 എസ്‌യുവിയുടെ ഫീച്ചറുകളും ഡാഷ്‌ബോര്‍ഡ് ലേഔട്ടും കാബിനില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

എക്‌സ്‌യുവി 900 എസ്‌യുവി കൂപ്പെയുടെ സ്ഥാനം മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവിയുടെ മുകളിലായിരിക്കും. വരാനിരിക്കുന്ന എക്‌സ്‌യുവി 700 ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ എസ്‌യുവി കൂപ്പെയില്‍ ലഭിച്ചേക്കും. 2.0 ലിറ്റര്‍ എംസ്റ്റാലിയോണ്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 

കൂടുതല്‍ പ്രീമിയം കാബിന്‍, നിരവധി സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. നിലവില്‍ പ്രാരംഭഘട്ടത്തിലാണ് വാഹനം. അതുകൊണ്ടുതന്നെ 2024നു മുമ്പ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios