ലോകത്തെ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളില്‍ ഏറെ പേരുകേട്ട ബ്രാന്‍ഡാണ് ഇറ്റാലിയന്‍ കമ്പനിയായ ഫെറാരി. കമ്പനി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായി സൂപ്പര്‍കാര്‍ നിര്‍മ്മിക്കുന്നതായി അടുത്തകാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ അത്തരമൊരു കാര്‍ കമ്പനി നിര്‍മിക്കില്ലെന്ന് ഫെറാരി വ്യക്തമാക്കി. സ്ത്രീകള്‍ക്കായി മാത്രം നിര്‍മിച്ച ഒരു ഫെറാറി തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ത്രീകളുടെയും പുരുഷന്മാരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ കണക്കിലെടുത്താണ് തങ്ങള്‍ കാര്‍ രൂപകല്‍പ്പന ചെയ്യുന്നതെന്നും ഫെറാറിയുടെ ചീഫ് മാര്‍ക്കറ്റിംഗ്, കൊമേഴ്‌സ്യല്‍ ഓഫീസര്‍ എന്റികോ ഗല്ലീറ പറയുന്നു. ഫെറാറി ബ്രാന്‍ഡിന്റെ തനതായ പ്രകടനവും രൂപകല്‍പ്പനയുമാണ് വനിത ഡ്രൈവര്‍മാരും അഗ്രഹിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഫെറാറി ഓടിക്കണമെന്ന് ആഗ്രഹിക്കുന്ന അനവധി സ്ത്രീകളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അവരൊന്നും സ്ത്രീകള്‍ക്ക് മാത്രമായുള്ളൊരു ഫെറാറി ആഗ്രഹിക്കുന്നില്ലെന്നാണ് ഞങ്ങള്‍ മനസിലാക്കിയിട്ടുള്ളത്. സ്‌പോര്‍ട്‌സ് കാര്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീ സ്‌പോര്‍ട്‌സ് കാര്‍ ഓടിക്കാനാണ് ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്കായി ഒരു കാര്‍ രൂപകല്‍പ്പന ചെയ്യുക എന്നത് ഒരബദ്ധമാണെന്നും ഗല്ലീറ വ്യക്തതമാക്കി. 

സ്ത്രീകള്‍ക്ക് മാത്രമായി ഒരു സ്പോര്‍ട്‍സ് കാര്‍ രൂപകല്‍പ്പന ചെയ്യുന്നത് ഭൂരിഭാഗം വരുന്ന പുരുഷ ഉപഭോക്താക്കളെ കമ്പനിയില്‍ നിന്ന് അകറ്റുമെന്ന ഭയവും ഫെറാറിക്കുണ്ട്. സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കാര്‍ രൂപകല്‍പ്പന ചെയ്യുന്നത് മറ്റ് വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കായി കാര്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണ്. സാധാരണ സ്‌പോര്‍ട്‌സ് കാറുകളെ അപേക്ഷിച്ച് പവര്‍ അല്‍പ്പം കുറഞ്ഞ വ്യത്യസ്ത രൂപകല്‍പ്പനയിലുള്ള ഒരു വാഹനം പുരുഷന്മാര്‍ വാങ്ങിക്കില്ല. വിവേചനത്തോടെ നിര്‍മിച്ച അത്തരം വാഹനങ്ങള്‍ സ്ത്രീകളും വാങ്ങില്ല. അവരെന്തിനാണ് പവര്‍ കുറഞ്ഞ വാഹനങ്ങള്‍ വാങ്ങിക്കുന്നതെന്നും ഗല്ലീറ ചോദിക്കുന്നു.

കമ്പനി ഏറ്റവും ഒടുിവ്ല‍ അവതരിപ്പിച്ച റോമയും ലിംഗഭേദമന്യേ എല്ലാവര്‍ക്കും ഓടിക്കാവുന്ന കാറാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ റോമ വളരെ ഗംഭീരമാണെന്നും 1960 കളിൽ മിഡ്-ഫ്രണ്ട്-എഞ്ചിൻ ഗ്രാൻഡ് ടൂററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പരിഷ്‍കരിച്ച രൂപകൽപ്പനയും വിപുലമായ ഡ്രൈവിബിലിറ്റിയും  യാത്രകളെ ആനന്ദദായകമാക്കുമെന്നും ഗല്ലീറ വ്യക്തമാക്കി.