കോഴിക്കോട്‌: ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത്‌ മറിച്ചുനൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി സഹീർ അഹമ്മദിനെയാണ്‌ കോഴിക്കോട്‌ ടൗൺ എസ്‌ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. 
മാത്തോട്ടം സ്വദേശി അബ്ദുൾ നസീറിന്റെ ഓഡി കാർ രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകിയ ശേഷം ബംഗളൂരുവിലേക്ക്‌ കടത്തുകയായിരുന്നു. രേഖകൾ ഒന്നുമില്ലാതെയാണ് കാർ കൊണ്ടുപോയത്‌.

മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതായതോടെയാണ്‌ അബ്ദുൾ നാസർ പൊലീസിൽ പരാതി നൽകിയത്‌. ബംഗളൂരുവിൽ 12.5 ലക്ഷം രൂപയ്‌ക്കാണ്‌ കാർ വാടകയ്‌ക്ക്‌ നൽകിയിരിക്കുന്നത്‌. ചേവായൂർ, കൊടുവള്ളി, താമരശേരി, പന്തീരാങ്കാവ്‌, ബേപ്പൂർ എന്നീ സ്‌റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പല സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്‌. ചില പരാതികൾ അന്വേഷണത്തിലുമാണ്‌. ആഡംബര കാറുകൾ മാസവാടകയ്‌ക്കെന്ന പേരിൽ വാങ്ങി തട്ടിപ്പുനടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണ്‌ ഇയാളെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. 

ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ്‌  വാടകയ്‌ക്കായി വാങ്ങുന്നത്‌. ഒരു ലക്ഷം മുതൽ മുകളിലേക്കാണ്‌ മാസവാടക. ഇത്തരത്തിൽ സ്വന്തമാക്കുന്ന കാറുകൾ ഇതരസംസ്ഥാനങ്ങളിലേക്ക്‌ കടത്തും. വാടക കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതാകുന്നതോടെയാണ്‌ വഞ്ചിതരായ വിവരം പലരും തിരിച്ചറിയുന്നത്‌. അടുത്ത ദിവസം പ്രതിയെ ബംഗളൂരുവിലെത്തിച്ച്‌ തെളിവെടുക്കും.