കാസര്‍കോടാണ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.  

അപകടത്തിൽപ്പെട്ട് റോഡരികില്‍ മറിഞ്ഞുകിടന്ന വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റാൻ ശ്രമിച്ചയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയും സംഘവും സഞ്ചരിച്ചിരുന്നത് മോഷ്‍ടിച്ച വാഹനത്തിലാണെന്ന് കണ്ടെത്തി. കാസര്‍കോടാണ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

വിദ്യാനഗറിൽ മറിഞ്ഞ പാല്‍വണ്ടിയില്‍നിന്നും നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചട്ടഞ്ചാല്‍ സ്വദേശിയായ അബ്ദുല്ല നാട്ടുകാരുടെ പിടിയിലാകുന്നത്. ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കള്‍ അബ്‍ദുല്ലയുടെ മോഷണശ്രമം കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. 

സ്വകാര്യ പാല്‍ കമ്പനിയുടെ വണ്ടിയാണ് വിദ്യാനഗറില്‍ മറിഞ്ഞത്. വാഹനം മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിനിടെ മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ അപകടത്തില്‍ പരുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ഇതുവഴി വാനിലെത്തിയ അബ്‍ദുല്ലയും സംഘവും മറിഞ്ഞുകിടക്കുന്ന വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്‍ടിക്കാന്‍ ശ്രമിച്ചതും യുവാക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതും. 

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുല്ല ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചത് മോഷ്ടിച്ച വാനിലാണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‍തു കൂട്ടുപ്രതികളെ കണ്ടെത്താൻ പിടിയിലായ അബ്ദുല്ലയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image Courtesy: News18