Asianet News MalayalamAsianet News Malayalam

നനഞ്ഞ റോഡില്‍ സഡന്‍ ബ്രേക്കിട്ടു, വട്ടംകറങ്ങിയ ജീപ്പ് കവര്‍ന്നത് വഴിയാത്രികന്‍റെ ജീവന്‍!

കഴിഞ്ഞദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

Man died in accident due to jeep driver apply sudden brake on wet road
Author
Athani, First Published Jul 7, 2020, 2:52 PM IST

മഴക്കാലമാണ്. നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളെയാണ് ഇക്കാലത്ത് ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. ശ്രദ്ധ അല്‍പ്പമൊന്ന് പിഴച്ചാല്‍ അപകടം ഉറപ്പ്. അത്തരമൊരു അശ്രദ്ധ നഷ്‍പ്പെടുത്തിയത് ഒരു പാവം വഴിയാത്രകന്‍റെ ജീവനാണ്. അങ്കമാലി അത്താണിയിൽ കഴിഞ്ഞദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാൽനട യാത്രികന്‍റെ മേലേക്ക് പാഞ്ഞുകയറുന്നതാണ് വീഡിയോയില്‍.  മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ നിയന്ത്രണം വിട്ട വാഹനം വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

അങ്കമാലി ഭാഗത്തു നിന്നു വരികയായിരുന്ന ജീപ്പ് അത്താണി എസ്‍എൻഡിപി ഓഫിസിനു മുൻപിലെ കൊടും വളവിൽ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം തെറ്റി റോഡിൽ വട്ടം കറങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാൽനടയാത്രികന് ജീവൻ നഷ്ടമായി.  റോഡില്‍ വട്ടം കറങ്ങിയ വാഹനം യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

മഴയത്ത് വണ്ടി ഓടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  • മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
  • വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
  • മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
  • വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
  • വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
  • ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
  • ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
  • ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം
Follow Us:
Download App:
  • android
  • ios