തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും മുങ്ങിയ ആള്‍ കയറിയതു മൂലം കുടുങ്ങിയത് നിരവധി യാത്രക്കാര്‍. ഇയാൾ കയറിയ കെഎസ്ആർടിസി ബസ് പാതി വഴിക്ക് യാത്ര അവസാനിപ്പിച്ചു. ബസ് അണുവിമുക്തമാക്കിയ അധികൃതർ ജീവനക്കാര്‍ ഉള്‍പ്പെട ബസിലുണ്ടായിരുന്ന 26 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു.

ശനിയാഴ്ച വൈകീട്ട് 5.45-ന് തലസ്ഥാന നഗരിയിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശിയാണ് ചാടിപ്പോയത്. നിരീക്ഷണത്തിലായിരുന്ന ഇയാൾ പുറത്തേക്കു പോകുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പിന്തുടർന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. 

ഇതിനിടെ ഇയാൾ തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയ ഇയാള്‍ കിളിമാനൂർ ഭാഗത്തേക്കുള്ള ബസിൽ കയറി. താൻ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ആളാണെന്നും പത്തുരൂപ തരണമെന്നും യാത്രക്കാരോട് അഭ്യർഥിച്ചു. പണം ലഭിക്കാത്തതിനെത്തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങി. ഈ സമയം ബസ്റ്റാന്‍ഡില്‍ തേടിയെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കയ്യില്‍ ക്വാറന്റയിൻ ചെയ്തിന്റെ സ്റ്റിക്കറും വസ്ത്രത്തിന്റെ നിറവും അടയാളവും ആണ് ആളെ എളുപ്പം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് ഇയാളെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജില്‍ തിരികെ എത്തിച്ചു. 

ഇതിനിടെ യാത്രക്കാരുമായി തമ്പാനൂരില്‍ നിന്നും ബസ് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാൻ അധികൃതർ നിർദേശിച്ചു. ഒടുവില്‍ പട്ടം പി.എസ്.സി. ഓഫീസിനു സമീപം ബസ് യാത്ര അവസാനിപ്പിച്ചു. പിന്നാലെ കോർപ്പറേഷൻ അധികൃതർ എത്തി ബസ് അണുവിമുക്തമാക്കി. കണ്ടക്ടറും ഡ്രൈവറും അടക്കം ബസിലുണ്ടായിരുന്ന 26 പേരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. ഇവരോട് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിര്‍ദ്ദേശം.