Asianet News MalayalamAsianet News Malayalam

മൊബൈലില്‍ ടീവി സീരിയല്‍ കണ്ട് ബൈക്ക് യാത്രികന്‍, തലയില്‍ കൈവച്ച് പൊലീസും നാട്ടുകാരും!

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഹോള്‍ഡറില്‍ വച്ച ഫോണിലൂടെ ടിവി സീരിയൽ കാണുകയായിരുന്നു യുവാവ്

Man fined for watches serial on mobile phone while riding bike
Author
Coimbatore, First Published Aug 1, 2021, 8:50 PM IST

മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യാത്രികനെ പിടികൂടി കോയമ്പത്തൂർ സിറ്റി പോലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യാഴാഴ്‍ച രാത്രി ഗാന്ധിപുരം ഫ്ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയിൽ,  വാഹനത്തിൽ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ഒരു ടിവി സീരിയൽ കാണുകയായിരുന്നു ഇയാള്‍. 

യുവാവിന്‍റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസിന്‍റെ നടപടി.  ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. 

ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തമിഴ്‍ സീരിയലായ 'രാജാ റാണി'യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്‍ത ശേഷം ഉപദേശവും നല്‍കിയാണ് പൊലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.

അതേസമയം മറ്റൊരു സംഭവത്തിൽ, കോയമ്പത്തൂർ ട്രാഫിക് പോലീസ് 13 വയസുള്ള കുട്ടിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios