Asianet News MalayalamAsianet News Malayalam

മദ്യലഹരിയിൽ വിളവെടുപ്പ് യന്ത്രമോടിച്ചു, ലാൻഡുചെയ്തത് തലകുത്തനെ, പൊലീസ് ചോദിച്ചു 'ഇതെങ്ങനെ സാധിച്ചെടാ ഉവ്വേ?"

വണ്ടിയോടിക്കുന്നതിനിടെ എപ്പോഴാണ് ഉറക്കം വന്നതെന്നോ, എപ്പോഴാണ് സ്പീഡ് കൂടി വണ്ടി കയ്യിൽ നിന്ന് പോയത് എന്നോ അയാൾക്ക് ഓർമയില്ല. ബോധം വരുമ്പോൾ ലോക്കപ്പിലാണ്. 

man lands a total harvester weighing 7 tonnes upside down after driving it drunken
Author
Dakota, First Published Sep 2, 2020, 5:09 PM IST

അമേരിക്കയിലെ വടക്കൻ ഡക്കോട്ടയിലെ ഒരു കർഷകനാണ് ജോൺ കാർ. ഒരു ദിവസം ഫാർമിലെ കളപ്പുരയിൽ ഇരുന്നു മദ്യപിച്ച് അത്യാവശ്യം ഫിറ്റായപ്പോൾ ആശാന് ഒരാഗ്രഹം തോന്നി. വണ്ടിയെടുത്ത് ഒന്ന് കറങ്ങിയേച്ചും വരണം എന്ന്. അന്നേരമാണെങ്കിൽ ആ കളപ്പുരയിൽ ആകെയുണ്ടായിരുന്നത്‌ ജോൺ ഡീർ കമ്പനിയുടെ ഏഴു ടൺ ഭാരമുള്ള ഒരു ടോട്ടൽ ഹാർവെസ്റ്റർ മാത്രമായിരുന്നു. 

ഹാർവെസ്റ്റർ എങ്കിൽ ഹാർവെസ്റ്റർ, അതിൽ കയറി ജോൺ തന്റെ കറക്കം തുടങ്ങി. വളവോ തിരിവോ ഒന്നുമില്ലാത്ത റോഡുകളാണ് നോർത്ത് ഡക്കോട്ടയിൽ ഉള്ളത്. റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങളാണ്. ആ റോഡിലൂടെ തന്റെ ഹാർവെസ്റ്ററിൽ കത്തിച്ചു പോകുന്നതിനിടെ എപ്പോഴാണ് ഉറക്കം കൺപോളകളെ തഴുകിയത് എന്നോ, എപ്പോഴാണ് വണ്ടിക്ക് വേഗം അമിതമായതെന്നോ, എപ്പോഴാണ് അത് തകിടം മറിഞ്ഞത് എന്നോ ഒന്നും അയാൾ അറിഞ്ഞില്ല. മദ്യത്തിന്റെ ലഹരി അത്രക്ക് അയാൾക്ക് തലയ്ക്ക് പിടിച്ചിട്ടുണ്ട്. 

ഒടുവിൽ കണ്ണുതുറന്നപ്പോൾ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ആണ്. പൊലീസുകാരോട് കാര്യം തിരക്കിയപ്പോൾ അവർ ഹാർവെസ്റ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു. ആരോ എടുത്ത് തലകീഴായി വെച്ച പോലെ ആ ഭീമൻ യന്ത്രം തകിടം മറിഞ്ഞ് റോഡരികിൽ തന്നെ വിശ്രമിക്കുന്നു. മുകളിലെ കാബിൻ വണ്ടിയുടെ ഭാരം താങ്ങാനാവാതെ തകർന്നിട്ടുണ്ട്. 

ദേഹമാകെ വേദനിക്കുന്നുണ്ടായിരുന്നു ജോണിന് എങ്കിലും കാര്യമായ പരിക്കൊന്നും ഇല്ലായിരുന്നു. എന്നാൽ നിയമത്തിന്റെ കുരുക്കുകൾ ഏറെയുണ്ടായിരുന്നു അയാളെയും കാത്ത്. ആ വിളവെടുപ്പ് യന്ത്രത്തിന്റെ ലൈസൻസ് അവസാനിച്ചിട്ടും പുതുക്കിയിരുന്നില്ല ജോൺ. അതിനും പുറമെയാണ് മദ്യപിച്ച് അതോടിച്ചുണ്ടാക്കിയ അപകടം. ലൈസൻസില്ലാത്ത വിളവെടുപ്പ് യന്ത്രം, മദ്യലഹരിയിൽ മദോന്മത്തനായി അപകടകരമായ വേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കി എന്ന കേസ് ജോണിന് മേൽ ചുമത്തി അയാളെ ലോക്കപ്പിൽ അടച്ചപ്പോഴും, അത്ഭുതം കൂറിക്കൊണ്ട് ആ പൊലീസ് ഓഫീസർ ജോണിനോട് ചോദിച്ചത് ഇത്രമാത്രമാണ്,"ഇതൊക്കെ നീ എങ്ങനെ സാധിക്കുന്നെടാ ഊവ്വേ..?"

Follow Us:
Download App:
  • android
  • ios