മുംബൈ: കടലില്‍ മുങ്ങിത്താഴുന്നതിനിടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ പൊലീസ് സംഘത്തിനു മുന്നില്‍ ഒരു മണിക്കൂറിനകം മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച ബിസിനസുകാരന്‍ കുടുങ്ങി. മുംബൈയിലാണ് കൗതുകകരമായ ഈ സംഭവം.

മുംബൈ വെര്‍സോവ ബീച്ചില്‍ ഞായറാഴ്‍ച പുലര്‍ച്ചെയാണ് സംഭവം. ഹരിയാന ഗുരുഗ്രാം സ്വദേശിയും ഓഹരി ദല്ലാളുമായ റിച്ചു ചോപ്‍ഡ (38) യെ  കടലില്‍ മുങ്ങിത്താഴുന്നതിനിടെ വെര്‍സോവ പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘം രക്ഷിക്കുകയായിരുന്നു. കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നതായി സന്ദേശം ലഭിച്ച ഉടന്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞ നിലേഷ് ജാദവ് എന്ന 28കാരന്‍ കോണ്‍സ്റ്റബിളാണ് നാട്ടുകാരുടെ സഹായത്തോടെ ചോപ്‍ഡയെ തിരമാലകളില്‍ നിന്നും രക്ഷിച്ചത്. 

താന്‍ മുംബൈയില്‍ ആദ്യമായിട്ടാണ് വരുന്നതെന്നും സുഹൃത്തും മറ്റൊരു ഓഹരി വ്യാപാരിയുമായ ആനന്ദിനൊപ്പമാണ് എത്തിയെതെന്നും നീന്താനാണ് കടലില്‍ ഇറങ്ങിയതെന്നുമാണ് ചോപ്‍ഡ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് ഇരുവരെയും വിട്ടയക്കുകയും ചെയ്‍തു. തുടര്‍ന്നാണ് കഥയിലെ അടുത്ത ട്വിസ്റ്റ് അരങ്ങേറുന്നത്.

അപകടത്തിനു ശേഷം തങ്ങളുടെ ഫോക്സ് വാഗണ്‍ കാറില്‍ കയറിയിരുന്ന് ഇരുവരും മദ്യപിച്ചു. ശേഷം നഗരത്തിലൂടെ അമിതവേഗതയില്‍ കാറില്‍ കുതിച്ചുപാഞ്ഞു. പട്രോളിംഗ് തുടരുകയായിരുന്ന നിലേഷ് ജാദവിനെ തോടി വീണ്ടുമൊരു സന്ദേശമെത്തി. ജെപി റോഡിലൂടെ അപകടകരമായ വേഗതയില്‍ ഒരു കാര്‍ കുതിച്ചുപായുന്നു എന്നായിരുന്നു  ആ സന്ദേശം. ഉടന്‍ ബൈക്കില്‍ സ്ഥലത്തെത്തിയ എസ് ഐയും ജാദവും ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി. കാറിലെ യാത്രികരെ കണ്ട് പൊലീസിനായിരുന്നു ഏറെ അമ്പരപ്പ്. അല്‍പ്പം മുമ്പ് മരണത്തില്‍ നിന്നും കരകയറ്റിയവരില്‍ ഒരാള്‍ അതാ അടിച്ചു പൂക്കുറ്റിയായി സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുന്നു!

വാഹനം പരിശോധിച്ച പൊലീസ് സംഘം മദ്യക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മദ്യപിച്ച് വണ്ടിയോടിക്കല്‍, മഹാരാഷ്ട്ര പ്രൊഹിബിഷന്‍ ആക്ടനുസരിച്ചുള്ള കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തി  അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി റിമാന്‍ഡും ചെയ്‍തു. അങ്ങനെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രക്ഷകര്‍ തന്നെ ശിക്ഷകരുമായി മാറിയെന്ന് ചുരുക്കം.