ഈ കാലാവധി നീട്ടിയതായാണ് പുതിയ റിപ്പോര്‍ട്ട്. 2021ഡിസംബർ 31വരെയാണ് തീയതി നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി 2021 ഏപ്രിൽ ഒന്നുവരെ സമയവും നൽകിയിരുന്നു. എന്നാല്‍ ഈ കാലാവധി നീട്ടിയതായാണ് പുതിയ റിപ്പോര്‍ട്ട്. 2021ഡിസംബർ 31വരെയാണ് തീയതി നീട്ടിയതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ്​ പകർച്ചവ്യാധി കണക്കിലെടുത്ത്​ ഈ കാലവധി നീട്ടണമെന്ന്​ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സ്​ (സിയാം) ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം പരിഗണിച്ചാണ് കേന്ദ്രം തീയതി നീട്ടിനൽകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനാണ്​ പുതിയ തീരുമാനം പ്രഖ്യാപിച്ചത്​. ഇന്ത്യയിൽ നിർമിച്ച് വിൽക്കുന്ന എല്ലാ പി.വി (പാസഞ്ചർ വെഹിക്കിൾ) കളിലും മുന്നിൽ ഇരട്ട എയർബാഗുകൾ വേണമെന്നായിരുന്നു ഉത്തരവ്. 

നിലവിൽ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞ വാഹനങ്ങളില്‍ അല്ല എയർബാഗ്​ ഘടിപ്പിക്കേണ്ടതില്ല എന്നതിനാൽ വാഹന ഉടമകൾ പുതിയ തീരുമാനത്തിൽ ആശങ്കപ്പെടേണ്ടതില്ല​. ഒറ്റ എയർബാഗുമായി നിർമാണം പൂർത്തിയായതും എന്നാൽ വിൽക്കാത്തതുമായ വാഹനങ്ങളിലാണ്​ ഇരട്ട എയർബാഗുകൾ വരുന്നത്​. 

നിലവിൽ ഡ്രൈവർ സീറ്റ് എയർബാഗ് മാത്രമേ വാഹനങ്ങളിൽ നിർബന്ധമുള്ളൂ. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇരട്ട എയർബാഗുകൾ നിർബന്ധമാക്കുന്നത്​. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (ബി‌ഐ‌എസ്) സവിശേഷതകൾ‌ക്ക് കീഴിൽ എയർ‌ബാഗുകൾ‌ക്ക് എ‌ഐ‌എസ് 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. മുൻ‌ നിരയിൽ‌ ഇരട്ട എയർ‌ബാഗുകൾ‌ ഉൾ‌പ്പെടുത്താത്ത എൻ‌ട്രി ലെവൽ‌ ഇന്ത്യൻ‌ കാറുകളിൽ‌ സുരക്ഷ വർധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona