വിജ്ഞാപനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഇത്തരം ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാകും

രാജ്യത്തെ ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 2021 ജൂൺ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജ്ഞാപനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ബിഐഎസ് ഇതര സർട്ടിഫൈഡ് ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാകും. 

ഭാരം കുറഞ്ഞ, നിലവാരമുള്ള ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനുമാണ് നീക്കം. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമെറ്റുകള്‍ വിൽക്കുന്നത് ഒഴിവാക്കാനും അപകടങ്ങളിൽപ്പെടുന്നവരെ മാരകമായ പരിക്കുകളിൽ നിന്ന് സംരക്ഷിക്കാനും പുതിയ നിയമം സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്‍താവനയിൽ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശപ്രകാരം, രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ പരിഗണിക്കുന്നതിനും ഹെൽമെറ്റ് ധരിക്കാൻ പൗരന്മാർക്കിടയിൽ ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരും ബി.ഐ.എസും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ഉള്‍പ്പെടുന്നതായിരുന്നു സമിതി. വിശദമായ വിശകലനത്തിനുശേഷം, 2018 മാര്‍ച്ചില്‍ ഈ സമിതി രാജ്യത്ത് ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ ശുപാർശ ചെയ്‍തുകൊണ്ട് മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. 

സമിതിയുടെ ശുപാർശകൾ അനുസരിച്ച്, ബിഐഎസ് പ്രത്യേക സവിശേഷതകൾ പരിഷ്‍കരിച്ചു. അതിലൂടെ ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 1.7 കോടിയോളം മൊത്തം ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 

ഹെല്‍മറ്റുകള്‍ക്ക് ബിഐഎസ് മാനദണ്ഡം നിര്‍ബന്ധമാക്കുന്ന റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നീക്കത്തെ , ലോകമെമ്പാടുമുള്ള മികച്ചതും സുരക്ഷിതവുമായ റോഡുകൾക്കായി പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള ആഗോള റോഡ് സുരക്ഷാ സ്ഥാപനമായ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ സ്വാഗതം ചെയ്‍തു.