മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിച്ചു. ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ പുറത്തിറക്കിയത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയുടെ ഹൃദയം. ഈ എഞ്ചിന്‍ 102 ബിഎച്ച്പി പവറും 134 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. 

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളതിനാല്‍ തന്നെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്, എംപിവിയായ എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന എന്‍ജിനിലാണ് പെട്രോള്‍ ബ്രെസയും അവതരിപ്പിച്ചിരിക്കുന്നത്.  എന്നാല്‍ ഹൈബ്രിഡ് സംവിധാനം ഓട്ടോമാറ്റില്‍ മാത്രമേ നല്‍കുവെന്നാണ് സൂചന. അതേസമയം, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ഈ വാഹനം എത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബ്രെസ എത്തിയിട്ടുള്ളത്. പുതിയ ക്രോം ഗ്രില്ല്, എല്‍-ഷേപ്പിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ബമ്പര്‍, ബുള്‍ബാറിന് സമാനമായ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മാറ്റം.

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ ഇന്റീരിയറിലെ പുതുമകളാണ്.സിസ്ലിങ്ങ് റെഡ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ടോര്‍ക്ക് ബ്ലൂ വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ഗ്രാനൈറ്റ് ഗ്രേ വിത്ത് ഓറഞ്ച് റൂഫ് എന്നിങ്ങനെ പുതിയ മൂന്ന് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. 

വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് ബി പില്ലറും, ബോഡി കളറില്‍നിന്ന് മാറിയുള്ള മിററും, അലോയി വീലുകളുമാണ് വശങ്ങളിലെ പ്രത്യേകത. ഇതില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ Zxi+ -ല്‍ ഡയമണ്ട് കട്ട് അലോയി വീലുകളും മറ്റ് മോഡലുകളില്‍ ബ്ലാക്ക് ഫിനീഷ് അലോയി വീലുകളുമായിരിക്കും നല്‍കുക. പുതിയ വാഹനത്തിന്റെ വില ഈ മാസം ഒടുവില്‍ അറിയിക്കും എന്നും കമ്പനി വ്യക്തമാക്കി. 

അടുത്തിടെ വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ റെക്കാഡ് ഇട്ടിരുന്നു. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. വിപണിയില്‍ അവതരിപ്പിച്ച ശേഷം ഇതുവരെ 5,08,673 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. അവതരിപ്പിച്ച് ആദ്യ 12 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വില്‍പന കൈവരിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചിരുന്നു.  ബെസ്റ്റ് സെല്ലിങ് കോമ്പാക്ട് എസ്‌യുവിയായ ബ്രെസയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്. 20 മാസത്തിനുള്ളില്‍ രണ്ട് ലക്ഷവും 28 മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റും വാഹനം പിന്നിട്ടു. പിന്നീടുള്ള ഏഴ് മാസത്തിനുള്ളില്‍ വില്‍പന നാല് ലക്ഷത്തില്‍ എത്തിക്കാനും കമ്പനിക്ക് സാധിച്ചു. പ്രതിമാസം 10,000 അധികം യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്. 2019 ഡിസംബര്‍ മാസത്തില്‍ 13,658 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2019 ജൂലൈ മാസത്തില്‍ മാത്രമാണ് വാഹത്തിന്റെ വില്‍പ്പന താഴേയ്ക്ക് പോയത്. എങ്കിലും കഴിഞ്ഞ മാസത്തോടെ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചു.

41 മാസത്തിനുള്ളില്‍ നാലര ലക്ഷം യൂണിറ്റും, പിന്നിട് 46 മാസം പിന്നിട്ടപ്പോള്‍ അഞ്ച് ലക്ഷം യൂണിറ്റിലും വില്‍പ്പന എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യം മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ അടുത്ത നാളില്‍ ഓട്ടോമാറ്റിക് പതിപ്പും വിപണിയില്‍ എത്തി. വില്‍പനയില്‍ 20 ശതമാനവും ഓട്ടോമാറ്റിക് പതിപ്പിനാണെന്നും കമ്പനി വ്യക്തമാക്കി. തുടക്കത്തില്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.മൂന്നു വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച ശേഷം ബ്രസയില്‍ കാര്യമായ മാറ്റങ്ങളൊന്നും മാരുതി വരുത്തിയിരുന്നില്ല.