ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍. 2000ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഈ ഹാച്ച് ബാക്ക് ഇപ്പോഴിതാ ഒരു മിന്നുന്ന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 

2018-19 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വില്പനയുള്ള യാത്രാ വാഹന മോഡൽ എന്ന നേട്ടമാണ് ആള്‍ട്ടോ കൈവരിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം)മിന്‍റെ കണക്കുകൾ അനുസരിച്ചാണ് അള്‍ട്ടോയുടെ പ്രകടനം പുറത്തുവന്നിരിക്കുന്നത്. അൾട്ടോയുടെ 2,59,401 യൂണിറ്റുകളാണ് 2018-19 ൽ വിറ്റത്. 2017-18ല്‍ ഇത് 2,58,539 യൂണിറ്റുകളായിരുന്നു. 

ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള പത്ത് വാഹനങ്ങളില്‍ ഏഴു സ്ഥാനങ്ങളിലും മാരുതി തന്നെയാണ്. ഹ്യുണ്ടായിയുടെ മൂന്നു മോഡലുകളും ആദ്യ പത്തിലുണ്ട്. മാരുതിയുടെ കോംപാക്ട് സെഡാൻ പുത്തന്‍ ഡിസയറിനാണ് രണ്ടാം സ്ഥാനം. 2,53,859 യൂണിറ്റ് ഡിസയറുകളാണ് ഈ കാലയളവിൽ വിറ്റഴിച്ചത്. 2017-18 ലും  പഴയ ഡിസയര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. 2,40,124 യൂണിറ്റായിരുന്നു അന്ന് വിറ്റത്.

മൂന്നാം സ്ഥാനം 2,23,924 യൂണിറ്റുകൾ വിറ്റഴിച്ച സ്വിഫ്റ്റിനാണ്. 2017-18 ൽ 1,75,928 യൂണിറ്റുകളുമായിട്ടുള്ള നാലാം സ്ഥാനമാണ് സ്വിഫ്റ്റ് മെച്ചപ്പെടുത്തിയത്.  മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് നാലാംസ്ഥാനത്ത്. 2,12,330 യൂണിറ്റ് ബലേനോയാണ് ഇക്കാലത്ത് വിപണിയിലെത്തിയത്. 2017-18 ൽ 1,90,480 ബലേനോകളാണ് കമ്പനി വിറ്റത്. മാരുതിയുടെ കോംപാക്ട് എസ്.യു.വി.യായ വിറ്റാര ബ്രെസ്സ 1,57,880 യൂണിറ്റുകൾ വിറ്റ് അഞ്ചാം സ്ഥാനം കൈവരിച്ചു. മുൻവർഷം ഇത് 1,48,462 യൂണിറ്റുകളായിരുന്നു.

ആറാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ 20 ആണ്. 1,40,225 യൂണിറ്റുകളാണ് വില്‍പ്പന. 2017-18ലെ എട്ടാം സ്ഥാനത്ത് നിന്നാണ് ഐ 20യുടെ ഈ മിന്നുന്ന പ്രകടനം. ഏഴാം സ്ഥാനത്ത് 1,26,041 യൂണിറ്റുകൾ വിറ്റ ഗ്രാന്റ് ഐ10 ആണ്. 

ഹ്യുണ്ടായിയുടെ എസ്.യു.വി. ക്രെറ്റ (1,24,300 യൂണിറ്റ്), വാഗൺ ആർ (1,19,649 യൂണിറ്റ്), സെലേറിയോ (1,03,734 യൂണിറ്റ്) എന്നിവ യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങൾ നേടി.

ആദ്യ പത്തില്‍ മാരുതിയുടെ ഇന്ത്യന്‍ എതിരാളിയായ ടാറ്റയുടെ ഒരു വാഹനം പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കി അള്‍ട്ടോയെ അടുത്തിടെയാണ് മാരുതി പുറത്തിറക്കിയത്. 

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.   പുതിയ വാഹനം എത്തുന്നതോടെ അള്‍ട്ടോയുടെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വാഹന ലോകം കരുതുന്നത്. 

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണെന്ന പ്രത്യേകതയും ഉണ്ട്. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ച് 1983ലാണ് മാരുതി 800 വിപണിയിലെത്തുന്നത്. പിന്നീട് പ്രീമിയം വിഭാഗത്തിലേക്ക് മാരുതിയും സുസുക്കിയും ചേര്‍ന്ന്  2000 -ലാണ് അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ലാണ് അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ മോഡല്‍ തന്നെയാണ് ഇപ്പോഴും വിപണിയില്‍ തുടരുന്നത്. 24.7 കിലോമീറ്റര്‍ വരെ മൈലേജുള്ള അള്‍ട്ടോ 800 ഹാച്ച്ബാക്കിന് നിലവില്‍ 2.52 ലക്ഷം രൂപ മുതലാണ് വിപണി വില. 2.63 ലക്ഷം മുതലായിരിക്കും പുത്തന്‍ അള്‍ട്ടോയുടെ ദില്ലി എക്സ് ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.