നിരത്തില്‍ എത്തിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച് മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ. എട്ട് ലക്ഷം യൂണിറ്റ് ബലേനോകളാണ് ഇതിനകം മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശ്രേണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട വാഹനമെന്ന ഖ്യാതിയും ബലേനൊക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിക്കുന്നത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.   രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍.

അടുത്തിടെ പുറത്തുവന്ന 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെ വാഹന വില്‍പ്പന കണക്കുകള്‍ അനുസരിച്ച് പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബലേനോ സ്വന്തമാക്കിയിരുന്നു. 5,887 യൂണിറ്റുകളുമായിട്ടായിരുന്നു ബലേനോയുടെ മുന്നേറ്റം. നിലവില്‍ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റഗുലര്‍ ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു.  രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്. ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അള്‍ട്രോസ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍.