Asianet News MalayalamAsianet News Malayalam

മാരുതി ഈക്കോയ്‍ക്ക് 10 വയസ്, നിരത്തിലോടുന്നത് ഏഴു ലക്ഷം

മാരുതി സുസുക്കിയുടെ ജനപ്രിയ വാന്‍ ഈക്കോയ്‍ക്ക് 10 വയസ് തികഞ്ഞു.  

Maruti Eeco Completed 10 Years
Author
Mumbai, First Published Sep 4, 2020, 8:43 AM IST

മാരുതി സുസുക്കിയുടെ ജനപ്രിയ വാന്‍ ഈക്കോയ്‍ക്ക് 10 വയസ് തികഞ്ഞു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയിട്ടുള്ളതെന്നും ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കൈയാളുന്നത് മാരുതി ഈക്കോയാണെന്നുമാണ് ന്നാണ് കണക്കുകള്‍. 

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്.  2010 ജനുവരിയില്‍ വിപണിയിലെത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍  ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു. 2014 -ല്‍ മാരുതി വീണ്ടും ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിറ്റു. ചരക്ക് വിപണിയില്‍ വാഹനത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈ ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി 2015 -ല്‍ ഈക്കോയുടെ പുതിയ കാര്‍ഗോ വേരിയന്റും പുറത്തിറക്കി. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി ഒരു ലക്ഷം യൂണിറ്റ് ഈക്കോ വില്‍ക്കാന്‍ തുടങ്ങി, 2018 -ഓടെ വില്‍പ്പന മൊത്തം അഞ്ച് ലക്ഷം യൂണിറ്റിലെത്തി. 2019 -ലെ വില്‍പ്പന കണക്കനുസരിച്ച് ഒരു ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018 -നെക്കാള്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ വര്‍ധനവായിരുന്നു കഴിഞ്ഞ വര്‍ഷം. 

ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഈക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഈക്കോയെന്നുമാണ് മാരുതിയുടെ വാദം. 2019-20 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 10 വാഹനങ്ങളില്‍ ഈക്കോയും സ്ഥാനം പിടിച്ചിരുന്നു. 

രാജ്യത്തെ പുതുക്കിയ സുരക്ഷാ - മലീനികരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കിയ ഇക്കോയെ മാര്‍ച്ചിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്6 എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഓംനി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ കമ്പനി പുതുക്കി പണിതിട്ടുണ്ട്. വാഹനത്തിന്‍റെ ബിഎസ്6 സിഎന്‍ജി വകഭേദവും അടുത്തിടെ വിപണിയിലെത്തിയരുന്നു. 3.9 ലക്ഷം മുതല്‍  5.05 ലക്ഷം രൂപ വരെയാണ് വിവിധ വകഭേദങ്ങള്‍ക്കനുസരിച്ച് ഈക്കോയുടെ എക്‌സ്‌ഷോറും വില.

Follow Us:
Download App:
  • android
  • ios