Asianet News MalayalamAsianet News Malayalam

Maruti Eeco : സുരക്ഷ മുഖ്യം, ഇക്കോയ്ക്ക് എയർബാഗുകളുമായി മാരുതി, വിലയും കൂടും

വാഹനത്തിൽ പാസഞ്ചർ എയർബാഗുകൾ ഘടിപ്പിച്ചതാണ് വില കൂടാൻ കാരണം. 

Maruti Eeco gets price hike and costlier with airbags
Author
Mumbai, First Published Dec 2, 2021, 11:36 AM IST

മാരുതി സുസുക്കി (Maruti Suzuki) അതിന്‍റെ ജനപ്രിയ സെവൻ സീറ്റർ വാൻ ഇക്കോയുടെ (Eeco) എല്ലാ നോൺ-കാർഗോ വേരിയന്റുകളുടെയും വില വർദ്ധിപ്പിച്ചു. മൂന്ന് നിരകളുള്ള വാഹനത്തിൽ പാസഞ്ചർ എയർബാഗുകൾ ഘടിപ്പിച്ചതാണ് വില കൂടാൻ കാരണം. പാസഞ്ചർ എയർബാഗുകൾ ചേർത്തതോടെ മാരുതി ഇക്കോയുടെ വില 8,000 രൂപ വർദ്ധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈക്കോയുടെ വില വർദ്ധന നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാരുതി പ്രസ്‍താവനയില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഈക്കോയുടെ എക്‌സ്-ഷോറൂം വില ഇപ്പോൾ 4.3 ലക്ഷം രൂപയായി. 

“Eeco-യിൽ പാസഞ്ചർ എയർബാഗുകൾ അവതരിപ്പിച്ചതിനാൽ, 2021 നവംബർ 30 മുതൽ കമ്പനി അതിന്റെ എല്ലാ കാർഗോ ഇതര വേരിയന്റുകളുടെയും വില 8,000 രൂപ വർദ്ധിപ്പിച്ചു,” മാരുതി സുസുക്കിപുറത്തിറക്കിയ പ്രസ്‍താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്‍ക്ക് അടുത്തിടെ 10 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 10 വർഷം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ഈ വാൻ അടുത്തിടെ 7 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 

2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍  ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നും ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഈക്കോയാണെന്നുമാണ്  കണക്കുകള്‍. 

മൂന്ന് കാർഗോ വേരിയന്റുകളിലും നാല് പാസഞ്ചർ വേരിയന്റുകളിലും ഒരു ആംബുലൻസ് വേരിയന്റുകളിലുമാണ് മാരുതി ഇക്കോ വാൻ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഇക്കോയുടെ ടോപ്പ്-സ്പെക്ക് ട്രിമ്മിന്റെ എക്സ്-ഷോറൂം വില 7.29 ലക്ഷം രൂപ വരെയാണ്.

ഈ വർഷം മാർച്ചിൽ എല്ലാ കാറുകൾക്കും കേന്ദ്രം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഇക്കോയിൽ പാസഞ്ചർ എയർബാഗുകൾ അവതരിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ എല്ലാ പുതിയ കാറുകളോടും ഈ നിയമം പാലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കോ പോലുള്ള നിലവിലുള്ള മോഡലുകൾക്ക് ഓഗസ്റ്റ് അവസാനത്തോടെ ഈ നിയമം പാലിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഭാവിയിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. 

ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഈക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഈക്കോയെന്നുമാണ് മാരുതിയുടെ വാദം. 2019-20 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 10 വാഹനങ്ങളില്‍ ഈക്കോയും സ്ഥാനം പിടിച്ചിരുന്നു. 

രാജ്യത്തെ പുതുക്കിയ സുരക്ഷാ - മലീനികരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കിയ ഇക്കോയെ മാര്‍ച്ചിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്6 എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഓംനി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ കമ്പനി പുതുക്കി പണിതിട്ടുണ്ട്. വാഹനത്തിന്‍റെ ബിഎസ്6 സിഎന്‍ജി വകഭേദവും അടുത്തിടെ വിപണിയിലെത്തിയിരുന്നു. 

വിവിധ വേരിയന്‍റുകള്‍ക്ക് അനുസരിച്ച് മാരുതി ഇക്കോയുടെ പുതുക്കിയ വില വിവരങ്ങള്‍ ചുവടെ. എല്ലാം ദില്ലി എക്സ്-ഷോറൂം വിലകൾ

  • 5 STR STD(O)  4.38 ലക്ഷം രൂപ
  • 7 STR STD(O) Rs. 4.67 ലക്ഷം രൂപ
  • 5 എസ്‍ടിആര്‍ എസി(ഒ) രൂപ. 4.78 ലക്ഷം രൂപ
  • 5 എസ്‍ടിആർ എസി സിഎൻജി(ഒ) രൂപ. 5.68 ലക്ഷം രൂപ
Follow Us:
Download App:
  • android
  • ios