എര്‍ടിഗയുടെ പുതിയ  ടൂര്‍ എം മോഡലിന്‍റെ ഡീസല്‍ പതിപ്പു കൂടി പുറത്തിറക്കി മാരുതി 

ടാക്‌സിക്യാബിനും ടൂർ ഓപ്പറേറ്റർമാർക്കുമായി ജനപ്രിയ എംപിവി എര്‍ടിഗയുടെ ടൂര്‍ എം വകഭേദത്തിന് ഡീസല്‍പതിപ്പ് കൂടി അവതരിപ്പിച്ച് മാരുതി. എർടിഗ ടൂർ എം പെട്രോൾ എഞ്ചിൻ ഓപ്ഷൻ കഴിഞ്ഞ ജൂണിലാണ് മാരുതി വിപണിയിലെത്തിച്ചത്. പിന്നീട് സിഎൻ‌ജി പതിപ്പും കമ്പനി അവതരിപ്പിച്ചു. 9.81 ലക്ഷം രൂപയാണ് പുതിയ ഡീസൽ വകഭേദത്തിന്റെ എക്സ്ഷോറൂം വില.

VDi വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള 1.5 ലിറ്റർ DDiS 225 ടർബോചാർജ്‍ഡ് എഞ്ചിനാണ് എർടിഗ ടൂർ എം ഡീസലിന്‍റെ ഹൃദയം. പവർ വിൻഡോകൾ, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, റിയർ എസി വെന്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒ‌ആർ‌വി‌എമ്മുകൾ, റിമോട്ട് ഉള്ള കീലെസ് എൻ‌ട്രി തുടങ്ങിയവ വാഹനത്തിലുണ്ട്.

സ്‌പോർട്‌സ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഒആർവിഎം, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ഹബ്കാപ്പുകൾ, എൽഇഡി ഇൻഫ്യൂസ്ഡ് റിയർ കോമ്പിനേഷൻ ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബി‌എസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും മാരുതി ലഭ്യമാക്കുന്നു. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം വിപണിയിലെത്തും. വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുള്ള എര്‍ടിഗയുടെ പുതിയ മോഡല്‍ കൂടി എത്തുന്നതോടെ ഇന്നോവയ്ക്കും മരാസോയ്‍ക്കുമൊക്കെ വീണ്ടും തലവേദന കൂടിയേക്കും.