മുംബൈ: കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തെ വാഹനവിപണി തളര്‍ച്ചയിലാണ്. പല കമ്പനികളും ഉല്‍പ്പാദനം വെട്ടിക്കുറച്ചും തൊഴിലാളികളെ പിരിച്ചുവിട്ടുമൊക്കെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാൽ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിക്ക് നല്ലകാലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യൂസ്ഡ് കാർ വിപണി 15–16 ശതമാനം വളര്‍ന്നുവെന്നാണ് കണക്കുകള്‍.

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കി തന്നെയാണ് യൂസ്ഡ് കാർ വിപണിയിലും മുന്നിൽ. മാരുതിയുടെ യൂസ്ഡ് കാർ ബിസിനസ്  സംരംഭമായ ട്രൂ വാല്യൂ 2018–19 കാലത്ത് നേടിയത് 19% വളർച്ചയാണ്. വിപണി ശരാശരിയെക്കാൾ കൂടുതലാണിതെന്നതാണ് കൗതുകം.

2019 ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ 1.98 ലക്ഷം യൂസ്ഡ് കാർ മാരുതി വിറ്റു. 2018 ല്‍ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6% വളർച്ച.

രാജ്യത്താകെ 581 ട്രൂ വാല്യൂ യൂസ്ഡ് കാർ ഷോറൂമുകളാണു മാരുതിക്കുള്ളത്. കാറിന് വാറന്‍റിയും സർവീസ് പാക്കേജുകളുമൊക്കെയുണ്ട്. 376 കാര്യങ്ങൾ പരിശോധിച്ചാണ് കമ്പനി ട്രൂ വാല്യൂ സർട്ടിഫിക്കേഷൻ നൽകുന്നത്. ഡിജിറ്റലായതിനാല്‍ കാറിന്റെ വിവരങ്ങളും ലഭ്യതയും ഉറപ്പാക്കിയശേഷം വാങ്ങാമെന്നതും ട്രൂ വാല്യുവിനെ ജനപ്രിയമാക്കുന്നു.

25–45 ആണ് ട്രൂവാല്യൂ ഉപയോക്താക്കളുടെ പ്രായമെന്നാണ് കണക്കുകള്‍. ട്രൂ വാല്യൂ വഴിയുള്ള വിൽപനയിൽ 55% സ്വിഫ്റ്റും വാഗൺ ആറും ആണ്. ഇവയും ഓൾട്ടോയും ചേർത്താൽ കഴി‍ഞ്ഞ രണ്ടു വർഷത്തിൽ എട്ട് ലക്ഷം വാഹനങ്ങള്‍ ട്രൂ വാല്യുവിലൂടെ വിറ്റഴിഞ്ഞു.