രാജ്യത്തെ സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മോഡലാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ.  രണ്ടു പതിറ്റാണ്ട് മുമ്പ് വിപണിയില്‍ എത്തിയതിനുശേഷം 40 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ  അൾട്ടോ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ്. 2020 ഓഗസ്റ്റ് മാസവും മിന്നും പ്രകടനമാണ് അള്‍ട്ടോ നടത്തിയതെന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു.

2020 ഓഗസ്റ്റിൽ അൾട്ടോയുടെ മൊത്തം 14,397 യൂണിറ്റുകൾ മാരുതി നിരത്തലെത്തിച്ചു. 2019 ഓഗസ്റ്റിലെ 10,123 യൂണിറ്റ് വിൽപ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 42.22 ശതമാനത്തിന്റെ വാർഷിക വളർച്ച.

പ്രതിമാസ വിൽപ്പനയിലും ആൾട്ടോ ഒരു ചെറിയൊരു നേട്ടം കൈവരിച്ചിട്ടുണ്ട്. 2020 ജൂലൈയിൽ വിറ്റഴിച്ച 13,654 യൂണിറ്റിനെ അപേക്ഷിട്ട് ഇത്തവണ 5.44 ശതമാനം വർധനവിനാണ് കമ്പനി സാക്ഷ്യംവഹിച്ചത്.

താങ്ങാനാവുന്ന വിലയും കാര്യക്ഷമതയുമാണ് അള്‍ട്ടോയുടെ ജനപ്രീതിയുടെ പ്രധാന കാരണം. വെറും 2.94 ലക്ഷം രൂപയിൽ നിന്നാണ് കാറിന്റെ വില ആരംഭിക്കുന്നത്. അതേസമയം ഏറ്റവും ഉയർന്ന വേരിയന്റിന് 4.36 ലക്ഷം രൂപയും മുടക്കിയാൽ മതിയാകും.

2000-ത്തില്‍ നിരത്തിലെത്തിയ ആള്‍ട്ടോ 2004-മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്. വിപണിയിലെത്തിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 -ല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന നേട്ടം മാരുതി അള്‍ട്ടോ ആദ്യമായി സ്വന്തമാക്കിയത്. അതിനുശേഷം നാളിതുവരെ ആ സ്ഥാനം അലങ്കരിക്കുകയാണ് അള്‍ട്ടോ.

2000 -ലാണ് ആദ്യ അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനിക രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു.  2008ല്‍ അള്‍ട്ടോയുടെ ആദ്യ പത്ത് ലക്ഷം തിഞ്ഞു. 2012ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നു. 2016ല്‍ ഇത് 30 ലക്ഷമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം അള്‍ട്ടോ കൂടി നിരത്തിലേക്കെത്തി. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായി അള്‍ട്ടോ മാറി. മാരുതിയുടെ ആദ്യ ബിഎസ്-6 എന്‍ജിന്‍ വാഹനവും അള്‍ട്ടോയാണ്.  

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ അള്‍ട്ടോയുടെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ നിരത്തിലെത്തിയിരുന്നു. മൂന്നിലെ ഗ്രില്ലില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ വിഎക്‌സ്‌ഐയില്‍ അടുത്തിടെയാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി മാരുതി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പുതിയ VXi+ വേരിയന്റിലെ പ്രധാന സവിശേഷത.  3.80 ലക്ഷം രൂപയാണ് പുതിയ മോഡലിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും VXi+ വേരിയന്റില്‍ ഇടംനേടിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് എന്നിവയാണ് അള്‍ട്ടോയില്‍ സുരക്ഷയൊരുക്കുന്നത്.