Asianet News MalayalamAsianet News Malayalam

ഒന്നര പതിറ്റാണ്ടായി ഒന്നാമന്‍; ഇത് 'പാവങ്ങളുടെ വോള്‍വോ'യുടെ വിജയഗാഥ!

നിരത്തിലെത്തി തുടര്‍ച്ചയായ 16 -ാമത്തെ വര്‍ഷത്തിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് മാരുതി സുസുക്കിയുടെ ബജറ്റ് ശ്രേണിയിലെ ഈ കാര്‍

Maruti Suzuki Alto is India's best-selling car for 16th consecutive year
Author
Mumbai, First Published Jun 16, 2020, 3:40 PM IST

ഇന്ത്യയില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അള്‍ട്ടോ. സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡല്‍.   കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലെ ടോപ്പ് സെല്ലിങ്ങ് വാഹനം എന്ന പേര് നിലനിര്‍ത്തിയിരിക്കുകയാണ് അള്‍ട്ടോ.  നിരത്തിലെത്തി തുടര്‍ച്ചയായ 16 -ാമത്തെ വര്‍ഷത്തിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് മാരുതി സുസുക്കിയുടെ ബജറ്റ് ശ്രേണിയിലെ ഈ കാര്‍.

കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇത് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ അള്‍ട്ടോയ്ക്ക് കഴിഞ്ഞതായും കമ്പനി അറിയിച്ചു. 2000-ത്തില്‍ നിരത്തിലെത്തിയ ആള്‍ട്ടോ 2004-മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്.

വിപണിയിലെത്തിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 -ല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന നേട്ടം മാരുതി അള്‍ട്ടോ ആദ്യമായി സ്വന്തമാക്കിയത്. അതിനുശേഷം നാളിതുവരെ ആ സ്ഥാനം അലങ്കരിക്കുകയാണ് അള്‍ട്ടോ. 2008 ആയപ്പോഴേക്കും 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കുകയും 2012 ആയപ്പോഴേക്കും ഇത് 20 ലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു. മറ്റൊരു നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം യൂണിറ്റ് ആള്‍ട്ടോ കൂടി വിറ്റഴിക്കാന്‍ കമ്പനിയ്ക്കായി. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായി അള്‍ട്ടോ മാറി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ലക്ഷത്തിലധികം യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു.

Maruti Suzuki Alto is India's best-selling car for 16th consecutive year

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ അള്‍ട്ടോയുടെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ നിരത്തിലെത്തിയിരുന്നു. മൂന്നിലെ ഗ്രില്ലില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ വിഎക്‌സ്‌ഐയില്‍ അടുത്തിടെയാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി മാരുതി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പുതിയ VXi+ വേരിയന്റിലെ പ്രധാന സവിശേഷത.  3.80 ലക്ഷം രൂപയാണ് പുതിയ മോഡലിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും VXi+ വേരിയന്റില്‍ ഇടംനേടിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് എന്നിവയാണ് അള്‍ട്ടോയില്‍ സുരക്ഷയൊരുക്കുന്നത്. 

ഇന്റീരിയറില്‍ ഏതാനും ഫീച്ചറുകള്‍ കൂടിയതും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതൊഴിച്ചാല്‍ മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലുമൊന്നും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അള്‍ട്ടോ, അള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് അള്‍ട്ടോ നിരയിലുണ്ടായിരുന്നത്. ഇതില്‍ കെ10ന്‍റെ ഉല്‍പ്പാദനം അടുത്തിടെ കമ്പനി അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കി അള്‍ട്ടോയെ അടുത്തിടെയാണ് മാരുതി പുറത്തിറക്കിയത്. 

Maruti Suzuki Alto is India's best-selling car for 16th consecutive year

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ട്.  796 സിസി പെട്രോള്‍ എന്‍ജിനാണ് ഈ അള്‍ട്ടോയുടെ ഹൃദയം. 47 ബിഎച്ച്പി പവറും 69 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. അള്‍ട്ടോ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ(ഒ) എന്നീ രണ്ടു വേരിയന്റുകളിലായി വാഹനത്തിന്‍റെ സിഎന്‍ജി പതിപ്പും വിപണിയിലുണ്ട്. യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് സിഎന്‍ജി മോഡലുകളുടെ ദില്ലി എക്‌സ്‌ഷോറൂം വില.  

2000 -ലാണ് ആദ്യ അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു.  2008ല്‍ അള്‍ട്ടോയുടെ ആദ്യ പത്ത് ലക്ഷം തികഞ്ഞു. 2012ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നു. 2016ല്‍ ഇത് 30 ലക്ഷമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം അള്‍ട്ടോ കൂടി നിരത്തിലേക്കെത്തി. മാരുതിയുടെ ആദ്യ ബിഎസ്-6 എന്‍ജിന്‍ വാഹനവും അള്‍ട്ടോയാണ്. 

Maruti Suzuki Alto is India's best-selling car for 16th consecutive year

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് 2019 ഒക്ടോബറില്‍ 40 വയസ് തികഞ്ഞിരുന്നു. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  

Follow Us:
Download App:
  • android
  • ios