ഒടുവില്‍ മാരുതി സുസുക്കിയുടെ ബജറ്റ് ഹാച്ച്ബാക്ക് മോഡലായ അൾട്ടോ കെ10 മോഡലിന്‍റെ നിര്‍മ്മാണവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിച്ചു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്നും വാഹനത്തെ നീക്കം ചെയ്‍തു.

കെ10നു വിപണിയിൽ കാര്യമായ വില്പന ഇല്ലാത്തതും പുതിയ മലിനീകരണ നിയന്ത്രണം ആയ ബി എസ് 6ലേക്ക് വാഹനം ഉയർത്തുമ്പോൾ വാഹനത്തിന്റെ വില വളരെയധികം കൂടും എന്നതും കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ വിൽപ്പന അവസാനിപ്പിക്കാൻ മാരുതി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല അടുത്തിടെ മാരുതി അവതരിപ്പിച്ച മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോയുടെ വരവും അള്‍ട്ടോ K10 -ന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതിനു പിന്നിലുണ്ട്.

2000 -ലാണ് ആദ്യ അള്‍ട്ടോ ഹാച്ച്ബാക്കിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോയെ അവതരിപ്പിച്ചു. 2010ല്‍ അള്‍ട്ടോ K10 ആദ്യ തലമുറ വിപണിയില്‍ എത്തി. 

 67 ബിഎച്ച്പി കരുത്തും 90 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1.0 ലിറ്റർ  3 സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് ഉണ്ടായിരുന്നത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും എഎംടി ട്രാൻസ്മിഷനിലും ലഭ്യമായിരുന്ന ഈ വാഹനത്തിനു ഒരു  സി എൻ ജി മോഡലും കമ്പനി നൽകിയിരുന്നു. 3.60 ലക്ഷം രൂപ മുതൽ 4.39 ലക്ഷം രൂപ വരെയായിരുന്നു ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. 

ആദ്യ അള്‍ട്ടോ കാര്‍ നിരത്തിലെത്തി അടുത്തിടെ 20വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ ഈ ഹാച്ച് ബാക്കിന്‍റെ  38 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും അള്‍ട്ടോയാണെന്ന് മാരുതി സുസുക്കി പറയുന്നു. 

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് 2019 ഒക്ടോബറില്‍ 40 വയസ് തികഞ്ഞിരുന്നു. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.